ADVERTISEMENT

ബെംഗളൂരു ∙ വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാടുഗോഡി എകെജി കോളനിയിൽ താമസിക്കുന്ന തമിഴ്നാടു സ്വദേശിനി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. സ്വദേശമായ തമിഴ്നാട്ടിലെ കടലൂരിൽ പോയി മടങ്ങി വരികയായിരുന്നു ഇവർ. സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാർ കാടുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

∙ ജീവനക്കാർക്ക് സസ്പെൻഷൻ

സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഊർജമന്ത്രി കെ.ജെ.ജോർജ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുത്ത കാഡുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഹോപ്ഫാമിലെ നടപ്പാതയിൽ ഒട്ടേറെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) ചിതറി കിടക്കുന്നതിനാൽ, ഇതിനിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി സൗന്ദര്യ ശ്രദ്ധിച്ചിരിക്കാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണിതെന്നു ആരോപിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തുവന്നു.

∙ ബെസ്കോം അനാസ്ഥയിൽ ഷോക്കേറ്റ് മരണങ്ങൾ തുടർക്കഥ

ബെംഗളൂരു ∙ നടപ്പാതയിൽ പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയുടെയും പിഞ്ചുകുഞ്ഞിന്റെയും ജീവൻ പൊലിഞ്ഞ ദുരന്തം, അധികൃതരുടെ അനാസ്ഥയുടെ തുടർക്കഥ. നഗരനിരത്തുകളിൽ ജനത്തിന്റെ ജീവനെടുക്കുംവിധം വൈദ്യുതി ലൈനുകളിൽ നിന്നും ട്രാൻസ്ഫോമറുകളിൽനിന്നും വൈദ്യുതാഘാതമേൽക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടും, ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ പോലും കൈകൊണ്ടു തൊടാൻ പാകത്തിൽ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളും തുറന്നുകിടക്കുന്ന ജംക്‌ഷൻ ബോക്സുകളും പതിവു കാഴ്ചയാണ്. പൊട്ടിക്കിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്കിടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണാൽ പോലും വഴിയാത്രക്കാർ തിരിച്ചറിയില്ലെന്ന സാഹചര്യവുമുണ്ട്.

∙ കെണിയൊരുക്കി ട്രാൻസ്ഫോമറുകളും

നടപ്പാതകളിൽ ദുരന്തം വിതയ്ക്കുന്ന ട്രാൻസ്ഫോമറുകൾ മാറ്റിസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നുള്ള പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ബിബിഎംപി പരിധിയിലെ 2587 ട്രാൻസ്ഫോമറുകളിൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 620 എണ്ണമാണ് മാറ്റി സ്ഥാപിച്ചത്. ഒഎഫ്സി കേബിളുകൾ നീക്കം ചെയ്യുന്ന നടപടികൾ ബിബിഎംപിയുടെ 8 സോണുകളിൽ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതും കാര്യക്ഷമമല്ല.

∙ ചട്ടം ലംഘിച്ച് ഹൈടെൻഷൻ ലൈനും

പട്ടം പറപ്പിക്കുമ്പോഴും മറ്റും ഹൈടെൻഷൻ ലൈനുകളിൽ തട്ടിയുള്ള അപകടങ്ങൾക്കിരയാകുന്നവരിൽ ഏറെയും കുട്ടികളാണ്. നിർമാണച്ചട്ടങ്ങൾ പാലിക്കാതെ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്ത് കൂടി അപകടകരമായ രീതിയിലാണ് ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. ചട്ടം ലംഘിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നത് ബിബിഎംപിയാണെന്നാണ് ബെസ്കോമിന്റെ നിലപാട്. നഗരത്തിലെ പാർക്കുകളിൽ പലയിടത്തും കുട്ടികൾക്ക് തൊടാൻ പാകത്തിലാണ് ഇലക്ട്രിക് ജംക്‌ഷൻ ബോക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. മൂടിയില്ലാതെ കിടക്കുന്ന ബോക്സുകളിൽ തട്ടി കുട്ടികൾക്കു ഷോക്കേൽക്കുന്ന സംഭവങ്ങളും കുറവല്ല.

English Summary:

Mother, nine-month-old baby electrocuted in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com