ആർക്കാണ് പ്രയോജനമുണ്ടായത്? നവകേരള സദസ്സ് പിആർ ഏജൻസിയുടെ ഉൽപ്പന്നമെന്ന് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ പിആർ ഏജൻസിയുടെ ഉൽപ്പന്നമാണു നവകേരള സദസ്സെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതെല്ലാം മുഖ്യമന്ത്രി ഒരു പിആർ ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണെന്നും നവകേരള സദസ്സുകൊണ്ട് ആർക്കാണു പ്രയോജനമുണ്ടായതെന്നും ചെന്നിത്തല ചോദിച്ചു. ‘‘എന്തെങ്കിലും ഒരു പ്രഖ്യാപനം നടന്നോ? മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനം സംബന്ധിച്ച എന്തെങ്കിലും പ്രഖ്യാപനമുണ്ടോ? വികസനത്തിനു വേണ്ടി ചിലവഴിക്കാൻ പണമുണ്ടോ? കേരളം ഇത്രയും വലിയ സാമ്പത്തിക ദുരിതം അനുവഭിക്കുന്ന സംസ്ഥാനമാണെന്ന് ഇവർ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവർക്കു ശമ്പളം കിട്ടിയിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചിട്ടുണ്ടോ’’–രമേശ് ചെന്നിത്തല ചോദിച്ചു.
‘‘ഇതൊരു കബളിപ്പിക്കലാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രിയും 21 മന്ത്രിമാരും നാടുകാണാൻ ഇറങ്ങിയിരിക്കുകയാണ്. ഇതു ജനങ്ങൾക്കു ബോധ്യപ്പെടും. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ യുഡിഎഫ് യോഗം കൂടി തീരുമാനിച്ചതാണ്. സർക്കാരിനെ കുറ്റവിചാരണ നടത്താൻ 140 മണ്ഡലങ്ങളിലും പരിപാടി ഇട്ടിരിക്കുകയാണ്. അത് യുഡിഎഫ് കൺവീനർ വിശദീകരിച്ചിട്ടുണ്ട്. ആത്മാർഥതയുള്ള ഒരു യുഡിഎഫ് നേതാവും നവേകരള സദസ്സിൽ പങ്കെടുക്കില്ല’’–ചെന്നിത്തല പറഞ്ഞു.
‘‘നവകേരള സദസ്സ് പാർട്ടി പരിപാടിയാണെന്ന് എല്ലാവർക്കും അറിയാം. ഇ.പി.ജയരാനും ശ്രീമതി ടീച്ചറും പാർട്ടി സഖാക്കളും പരിപാടിയിൽ പങ്കെടുക്കുന്നു. യോഗത്തിൽ സിപിഎം നേതാക്കൾ കോൺഗ്രസിനെയും യുഡിഎഫിനെയും വിമർശിക്കുന്നു. ഇതു പാർട്ടി പരിപാടിയല്ലെങ്കിൽ പിന്നെ എന്താണ്. പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ നടത്തിയ പരിപാടിയുടെ മറ്റൊരു പതിപ്പാണിത്. കേരളത്തിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്ന പരിപാടിയില്ല’’–ചെന്നിത്തല കുറ്റപ്പെടുത്തി.