ADVERTISEMENT

കൊല്ലം ∙ അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അശ്ലീലമായി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നു സംവിധായകൻ കമൽ. അദ്ദേഹത്തെ നയിക്കുന്ന ബോധം സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് അദ്ദേഹം. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.

‘‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്നു നിർദേശിച്ച ആ മനുഷ്യനേപ്പോലെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നതു സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നു പറയുന്നത്.

‘‘അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കയ്യുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു.

‘‘ഇവർ‌ക്കു രാഷ്ട്രീയ വിദ്യാഭ്യാസം ഏതു രീതിയിലാണു കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ, സിനിമാക്കാർ എന്ന രീതിയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണ്.‌ ഇതല്ല നമ്മുടെ ഇന്ത്യയെന്നു പുതിയ തലമുറ മനസ്സിലാക്കണം. നമ്മൾ സ്വപ്നം കണ്ടിരുന്നൊരു ഇന്ത്യയുണ്ട്. ഗാന്ധിജിയും അംബേദ്കറും നെഹ്റുവുമൊക്കെ സംഭാവന ചെയ്തത്. അതു കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ടെന്നതാണു സത്യം.’’– കമൽ വ്യക്തമാക്കി.

English Summary:

Suresh Gopi has become a vulgar and embarrassing artist, says director Kamal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com