ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലനിറത്തില്‍നിന്നു കാക്കിയിലേക്കു മാറാൻ ഒരു വർഷം വേണ്ടത് 3.5 കോടി രൂപ. കേരള ടെക്സ്റ്റൈൽ കോർപറേഷനാണു കെഎസ്ആർടിസിക്കു തുണി കൈമാറുന്നത്. തുണി തയ്ക്കാനുള്ള പണം ജീവനക്കാർ കണ്ടെത്തണമെന്ന് അധികൃതർ പറഞ്ഞു. 26,000 ജീവനക്കാരാണു കെഎസ്ആർടിസിക്കുള്ളത്. 24,000 ജീവനക്കാർക്കെങ്കിലും യൂണിഫോം വേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. ഓപ്പറേറ്റിങ് ജീവനക്കാർ മാത്രം 18,000 പേരുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കും ക്ലറിക്കൽ സ്റ്റാഫുകൾക്കും വിരമിക്കാറായ ഉദ്യോഗസ്ഥർക്കും മാത്രമാണു യൂണിഫോം നൽകാത്തത്. 

60,000 മീറ്റർ തുണി ടെക്സ്റ്റൈൽ കോർപറേഷൻ ആദ്യഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ടെക്സ്റ്റൈൽ കോർപറേഷൻ ആകെ ഒന്നരലക്ഷം മീറ്റർ തുണിയാണു കെഎസ്ആർടിസിക്കു കൈമാറുന്നത്. തുണി ഉൽപാദിപ്പിക്കുന്നതു കോർപറേഷന്റെ മില്ലുകളിലാണ്. യൂണിഫോമിന്റെ പോക്കറ്റിൽ എംബ്ലം പതിക്കുന്ന ജോലിയും കോർപറേഷനാണു ചെയ്യുന്നത്. പൊലീസിനുള്ള യൂണിഫോം കന്റീനിലൂടെ കോർപറേഷൻ വിതരണം ചെയ്യുന്നുണ്ട്. സാമൂഹിക സുരക്ഷാ വകുപ്പിനും യൂണിഫോം നൽകിയിട്ടുണ്ട്.

തുണി ലഭിച്ചാൽ രണ്ടു മാസത്തിനകം കെഎസ്ആർടിസിയിൽ യൂണിഫോം പരിഷ്ക്കരണം നടപ്പിലാക്കും. പരിഷ്ക്കാരം നടപ്പിലാക്കുമ്പോഴും, 2015 മുതലുള്ള യൂണിഫോം അലവൻസ് കിട്ടാനുണ്ടെന്നു തൊഴിലാളി സംഘടനകൾ പറയുന്നു. 2012 ലെ കരാർ അനുസരിച്ച് ഫീൽഡ് ജീവനക്കാർക്കു 1000 രൂപയായിരുന്നു വാർഷിക യൂണിഫോം അലവൻസ്. 2021ലെ കരാർ അനുസരിച്ചു 1600 രൂപയാണ് അലവൻസ്. പണം അനുവദിക്കണമെന്നു തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ തീരുമാനമായില്ല.

2015ൽ ടോമിൻ ജെ.തച്ചങ്കരി കെഎസ്ആർടിസി എംഡിയായിരിക്കുമ്പോഴാണു യൂണിഫോം പരിഷ്ക്കരിച്ചത്. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കിക്കു പകരം നേവി കളറിലുള്ള പാന്റ്സും സ്കൈ ബ്ലൂ നിറത്തിലുള്ള ഷർട്ടുമാക്കി. ബസുകളിലെ ചെക്കിങ് ഇൻസ്പെക്ടർമാർക്ക് കറുത്ത നിറമുള്ള പാന്റ്സും തൂവെള്ള ഷർട്ടുമായിരുന്നു വേഷം. സ്റ്റേഷൻ മാസ്റ്റർമാർക്കു കറുത്ത പാന്റ്സും ഇരുണ്ട ക്രീം കളർ ഷർട്ടും.

വനിതാ ജീവനക്കാർക്കു നേവി കളർ പാന്റ്സോ സ്കൈ ബ്ലൂ ഷർട്ടോ ചുരിദാറോ. പുതിയ പരിഷ്ക്കാരം അനുസരിച്ചു പുരുഷ ജീവനക്കാരായ ഡ്രൈവർമാരും കണ്ടക്ടർമാരും ഇനി കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും ധരിക്കണം. പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം പതിക്കണം. വനിതാ ജീവനക്കാർക്കു കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‍ലെസ് ഓവർകോട്ടും. പെൻ നമ്പർ രേഖപ്പെടുത്തിയ നെയിം ബോർഡ് ധരിക്കണം. സ്റ്റേഷൻ മാസ്റ്റര്‍, വെഹിക്കിൾ സൂപ്പർ വൈസർ, ചാർജ്മാൻ എന്നിവർക്ക് കാക്കി പാന്റ്സും ഹാഫ് സ്ലീവ്  ഷർട്ടും ധരിക്കണം.

English Summary:

New colour uniform in KSRTC needs more than three crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com