ADVERTISEMENT

ന്യൂ‍‍ഡൽഹി∙ തെലങ്കാനയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഗദ്ദാം വിനോദ്, യഥാക്രമം വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിവ്‌ലാൽ യാദവ്, അർഷാദ് അയൂബ് എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). നവംബർ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഗദ്ദാം വിവേകാനന്ദിന്റെ സഹോദരനാണ് ഗദ്ദാം വിനോദ്. അടുത്തിടെയാണ് മുൻ എംപിയായ ഗദ്ദാം വിവേകാനന്ദ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.

ഗദ്ദാം വിനോദ്, ശിവ്‌ലാൽ യാദവ്, അർഷാദ് അയൂബ് എന്നിവരുടെ വസതികളിൽ ഉൾപ്പെടെ ഒൻപത് സ്ഥലങ്ങളിലായിരുന്നു പരിശോധന. എസ്എസ് കൺസൽട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ് പരിസരത്തും കമ്പനിയുടെ എംഡിയായ സത്യനാരായണയുടെ താമസസ്ഥലത്തും ഗദ്ദാം വിവേകാനന്ദിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും കണക്കിൽപ്പെടാത്ത 10.39 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ 20 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ബ്യൂറോ സമർപ്പിച്ച മൂന്ന് എഫ്‌ഐആറുകളുടെയും അനുബന്ധ കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇഡി അറിയിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായുള്ള ഡിജി സെറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവ വാങ്ങിയതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം കുറ്റപത്രത്തിലുണ്ടെന്ന് ഇഡി പറഞ്ഞു.

സമയപരിധി കഴിഞ്ഞിട്ടും നിരവധി നിർമാണപ്രവർത്തനങ്ങൾ ക്രമാതീതമായി വൈകിയത് ചെലവ് വർധിപ്പിക്കുകയും അസോസിയേഷനു നഷ്ടമുണ്ടാക്കുകയും ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അസോസിയേഷന്റെ അന്നത്തെ സെക്രട്ടറിയും പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ഭാരവാഹികൾ സ്വകാര്യ കക്ഷികളുമായി കൂട്ടുചേർന്ന് വിവിധ ടെൻഡറുകൾ നടപടിക്രമങ്ങൾ പാലിക്കാതെ മാർക്കറ്റ് നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ഇഷ്ടപ്പെട്ട കരാറുകാർക്ക് അനുവദിച്ചതായും ആരോപണമുണ്ട്. പല കരാറുകാർക്കും മുൻകൂർ പണം നൽകിയെങ്കിലും അവർ ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് ഇഡി പറഞ്ഞു.

English Summary:

ED raids 9 locations linked to ex-cricketers Shivlal Yadav, Arshad Ayub and former HCA President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com