ADVERTISEMENT

മുൻ റോക്ക് ബാൻഡ് അംഗം, താന്ത്രിക് സെക്സ് കോച്ച്, നായകളിൽ നിന്നും മറ്റും ഉപദേശം തേടുന്നയാൾ– ഇത്തരത്തില്‍ ഏറെ വിചിത്രമായ വിശേഷണങ്ങളുള്ള, 'ഭ്രാന്തന്‍' എന്നു വിളിപ്പേരുള്ള ഒരാളെയാണ് കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലും നട്ടംതിരിയുന്ന കാല്‍പ്പന്തുകളിയുടെ തമ്പുരാക്കന്മാരായ അര്‍ജന്റീന തങ്ങളുടെ രക്ഷകനായി ഉറ്റുനോക്കുന്നത്.  ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ അര്‍ജന്റീനക്കാർ അവസാനത്തെ പരീക്ഷണം എന്ന നിലയിലാണ് പുതിയൊരു ഭരണാധികാരിയെ തിരഞ്ഞെടുത്തത് – തന്റെ അനുയായികൾക്കിടയിൽ ‘ഭ്രാന്തൻ’ എന്ന വിളിപ്പേരുള്ള 53കാരനായ ഹവിയർ മിലെയെ. വ്യത്യസ്ത ശൈലിയും നയങ്ങളും കാരണം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടാണ് മിലെ ഉപമിക്കപ്പെടുന്നത്. മൂന്നു വർഷത്തെ മാത്രം രാഷ്ട്രീയ പാരമ്പര്യം കൊണ്ട് അർജന്റീയനയുടെ തലപ്പത്ത് എത്തിയ മിലെ, പക്ഷേ ലോകത്തിനു മുന്നിൽ ചർച്ചയാകുന്നത് ചില വിചിത്രമായ വിശേഷണങ്ങളിലൂടെയാണ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരമായി പോരടിച്ചിരുന്ന ജനങ്ങളോട് ഒരു പുതിയ രാഷ്ട്രീയ യുഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് മിലെയുടെ കടന്നുവരവ്.

ഹവിയർ മിലെ (Photo by Luis ROBAYO / AFP)
ഹവിയർ മിലെ (Photo by Luis ROBAYO / AFP)

മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പം, കൊടു ദാരിദ്ര്യം, ഒരു രാജ്യത്തിന്റെ 40 ശതമാനം ജനം പട്ടിണി കിടക്കുമ്പോഴും കറൻസി പ്രിന്റ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന ഭരണാധികാരികൾ, ഇനിയും കടം തരാൻ കഴിയില്ലെന്ന് പറഞ്ഞ് വിദേശരാജ്യങ്ങളും കൈവിട്ടിരിക്കുന്നു. ഫുട്ബോളിന്റെ മിശിഹ എന്ന് അറിയപ്പെടുന്ന ലയണൽ മെസ്സിയുടെ അർജന്റീനയുടെ നേർചിത്രം ഇതാണ്. കാൽപന്തുകളിയുടെ രാജക്കന്മാരെന്ന് ലോകം വാഴ്ത്തുമ്പോഴും ഭരണരംഗത്തെ ‘തുഗ്ലക്’ പരിഷ്കാരങ്ങളുടെ  പിടിപ്പുകേട് അനുഭവിക്കേണ്ടി വന്ന ഒരു ജനവിഭാഗമാണ് അർജന്റീനയിലുള്ളത്.

പ്രതിഷേധ വോട്ടിൽ പുതിയ പിറവി

ഞായറാഴ്ച പുറത്തുവന്ന അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ‘പ്രതിഷേധ വോട്ടി’ന്റെ ബാക്കിപത്രമാണെന്നാണ് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭരണത്തലപ്പത്തിരുന്നവരുടെ വർഷങ്ങൾ നീണ്ട അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും  വലിയ അരാജകത്വത്തിലേക്കാണ് അർജന്റീനയെ കൊണ്ടെത്തിച്ചത്. ജനസംഖ്യയുടെ 40 ശതമാനവും ദരിദ്രർ. പണപ്പെരുപ്പവും കറൻസിയുടെ വിലത്തകർച്ചയും മൂലം സാധാരണക്കാരുടെ സമ്പാദ്യങ്ങളും വാങ്ങൽ ശേഷിയും എന്നേ ഇല്ലാതായിക്കഴിഞ്ഞു. രാജ്യത്തിന്റെ കടബാധ്യത മൂലം തൊഴിൽ, ശമ്പളം, പൊതുസേവനങ്ങൾ എല്ലാം മുടങ്ങി. 

ഹവിയർ മിലെ സൂപ്പർഹീറോ വേഷത്തിൽ എത്തിയപ്പോൾ( Screengrab/Youtube/MILEPresidente)
ഹവിയർ മിലെ സൂപ്പർഹീറോ വേഷത്തിൽ എത്തിയപ്പോൾ( Screengrab/Youtube/MILEPresidente)

1940 മുതൽ ഇടതുപക്ഷ ചായ്‌വുള്ള പെറോണിസ്റ്റുകളാണ് അർജന്റീനൻ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചത്. 1940കളിൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു അർജന്റീന. ‘അർജന്റീനക്കാരെപ്പോലെ സമ്പന്നർ’ എന്ന പ്രയോഗം വരെയുണ്ടായിരുന്നു അക്കാലത്ത്. ജനപ്രിയനായിരുന്ന പ്രസിഡന്റ് ജുവാൻ ഡോമിങ്ങോ പെറോണിന്റെ പിൻഗാമികൾ പക്ഷേ തീർത്തും വിരുദ്ധമായ സാമ്പത്തികനയങ്ങൾ കൊണ്ട് രാജ്യത്തെ കടക്കെണിയിലാക്കി. സാമ്പത്തിക മേഖല തകർന്ന തരിപ്പണമായി, ജനം പട്ടിണി കിടന്ന് തെരുവിൽ ഭിക്ഷയെടുക്കേണ്ട അവസ്ഥയിൽ വരെ എത്തിയപ്പോൾ ഭരണമാറ്റത്തിലേക്ക് അവരെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ.

55.7% വോട്ടോടെയാണ് വലതുപക്ഷ അനുഭാവിയായ ഹവിയർ മിലെ അധികാരത്തിലെത്തിയത്. എതിർസ്ഥാനാർഥിയായ സാമ്പത്തികകാര്യ മന്ത്രി സെർഗിയോ മാസയ്ക്ക് 44.3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. 1983ൽ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

ഹവിയർ മിലെയുടെ വിജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Emiliano Lasalvia / AFP)
ഹവിയർ മിലെയുടെ വിജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Emiliano Lasalvia / AFP)

മുടിയിൽ ബോറിസ്, നയങ്ങളിൽ ട്രംപ്: ദ് മാഡ്മാൻ

ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനെ അനുസ്മരിപ്പിക്കും വിധം അലസമായി കിടക്കുന്ന സ്വർണത്തലമുടി, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേതിനു സമാനമായ രാഷ്ട്രീയ വീക്ഷണങ്ങൾ– ഇങ്ങനെയാണ് ലോകനേതാക്കളുമായുള്ള മിലെയുടെ സാമ്യതകൾ. സർക്കാരിന്റെ അഴിമതിക്കും സാമ്പത്തിക നയങ്ങൾക്കുമെതിരെ ടെലിവിഷൻ ചർച്ചകളിൽ ഘോരമായി പ്രസംഗിച്ചും വാഗ്വാദങ്ങളിൽ വാക്കുകൾക്ക് മൂർച്ചകൂട്ടിയുമാണ് അർജന്റീനൻ ജനതയുടെ മനസ്സിലേക്ക് മിലെ കടന്നുവരുന്നത്. നിലവിലുള്ള സിസ്റ്റത്തെ മാറ്റിമറിക്കുമെന്ന പ്രതിജ്ഞയോടെ 2020ൽ രാഷ്ട്രീയപ്രവേശനം. തൊട്ടടുത്ത വർഷം തന്നെ അർജന്റീനയുടെ ലോവർ ഹൗസ് ഓഫ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലിബേർട്ടഡ് അവാൻസ എന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്. തുടർന്ന് കഴിഞ്ഞ ഇടയ്ക്ക് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ തലപ്പത്തേക്ക്. 

ഹവിയർ മിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  (Photo by Luis ROBAYO / AFP)
ഹവിയർ മിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (Photo by Luis ROBAYO / AFP)

‘അരാജക മുതലാളിത്തവാദി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന സാമ്പത്തികവിദഗ്ധനാണ് മിലെ. ബാറ്റ്മാൻ, ജോക്കർ അടക്കമുള്ള സൂപ്പർഹീറോകളുടെ വേഷത്തിലാകും മിക്കപ്പോഴും മിലെ ടിവി ഷോകളിൽ പ്രത്യക്ഷപ്പെടുക. മിക്കപ്പോഴും കയ്യിൽ മരം വെട്ടാനും മറ്റും ഉപയോഗിക്കുന്ന മൂർച്ചയുള്ള ചെയിൻസോയും കാണും. രാജ്യത്തെ വിയർപ്പുമുട്ടിക്കുന്ന സർക്കാരിന്റെ ഉദ്യോഗസ്ഥ ഭരണത്തെ വെട്ടിമുറിക്കുക എന്നതിന് പ്രതീകാത്മകമായാണ് ചെയിൻസോയുമായി പ്രത്യക്ഷപ്പെടുന്നതെന്ന് മിലെ പറഞ്ഞിട്ടുണ്ട്.

മിലെയുടെ വാക്കുകൾ ഏറ്റെടുത്ത അദ്ദേഹത്തിന്റെ അനുയായികൾ ഇത് തിരഞ്ഞെടുപ്പ് ചിഹ്നമായി കണക്കാക്കുകയും ഒരു അനുയായി ചെയിൻസോ മാസ്ക് ധരിച്ച് ടിവി ഷോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മിലെ ചെയ്ൻസോയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  തകർന്നിരുന്ന ഒരു ജനവിഭാഗത്തെ വിചിത്രമായ കാര്യങ്ങളിലൂടെ കൂടെക്കൂട്ടാനായി എന്നതാണ് മിലെയുടെ വിജയം. 

താന്ത്രിക് സെക്സ് കോച്ച്, റോക്ക് ബാൻഡ് ഗായകൻ

ടെലിവിഷൻ ചാനലുകളിൽ സാമ്പത്തിക കാര്യങ്ങളും ലൈംഗികവിഷയങ്ങളും ചർച്ച ചെയ്താണ് മിലെ ജനങ്ങൾക്കിടയിൽ ആദ്യം പരിചിതനാകുന്നത്. താൻ ഒരു താന്ത്രിക് സെക്സ് കോച്ച് ആയിരുന്നെന്നും മിലെ അവകാശപ്പെടുന്നുണ്ട്. “ഓരോ മനുഷ്യനും അവരുടേതായ ചലനാത്മകതയുണ്ട്. എന്റെ കാര്യത്തിൽ, ഓരോ മൂന്ന് മാസത്തിലുമാണ് ഞാൻ സ്‌ഖലനം നടത്തുക’’ എന്നാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ഇതു സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഇഷ്ടങ്ങളിൽ ഏറെ എടുത്തുനിൽക്കുന്നത് സംഗീതമാണെന്നും മിലെ അഭിപ്രായപ്പെട്ടിട്ടുണ്ട്. റോളിങ് സ്റ്റോൺസിന്റെ എവറസ്റ്റ് എന്ന കവർ ബാൻഡിന്റെ പ്രധാന ഗായകനായി അരങ്ങിലെത്തിയിട്ടുണ്ട്. 

ഹവിയർ മിലെയും സഹോദരി കരീനയും (Photo by LUIS ROBAYO / AFP)
ഹവിയർ മിലെയും സഹോദരി കരീനയും (Photo by LUIS ROBAYO / AFP)

അവിവാഹിതനായ മിലെ 2018ൽ തന്റെ മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021ല തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാതാപിതാക്കളെയും ഒപ്പം കൂട്ടി. സാമ്പത്തികവിദഗ്ധനായ ഇദ്ദേഹം രണ്ടു ദശാബ്ദത്തോളമായി അർജന്റീനയിലെയും രാജ്യാന്തര തലത്തിലും സർവകലാശാലകളിൽ ഇക്കണോമിക്സ് പ്രഫസറായി ജോലി ചെയ്തുവരികയാണ്. മാതാപിതാക്കളോട് അടുപ്പം കുറവാണെങ്കിലും ഇളയ സഹോദരിയായ കരീന മിലെയ്ക്ക് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. മിലെയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചത് കരീനയായിരുന്നു. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ പ്രഥമ വനിതയായി സഹോദരിയെ അവരോധിക്കുമെന്നും പറഞ്ഞിരുന്നു. 

സാമ്പത്തിക വിദഗ്ധർ നായകൾ

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മിലെ നന്ദി പറഞ്ഞത് തന്റെ അഞ്ച് നായകളോടാണ്. വെറും നായകളല്ല, മിലെയുടെ ഭാഷയിൽ പറഞ്ഞാൽ ഇക്കണോമിസ്റ്റ് ഡോഗ്സ്. ‘കൊനാൻ’ എന്ന നായയാണ് ഇതിൽ പ്രധാനി. മിലെയുടെ ‘ദ് മാഡ്മാൻ’(എൽ ലോകോ) എന്ന ആത്മകഥ എഴുതിയ മാധ്യമപ്രവർത്തകൻ ജുവാൻ ലൂയിസ് ഗോൺസാലസ് പറയുന്നത് കൊനാൻ അദ്ദേഹത്തിന് മകനെപ്പോലെയാണെന്നാണ്. പ്രസിഡന്റ് ആകാനുള്ള തന്റെ ദൗത്യത്തിന് നേതൃത്വം നൽകിയത് കൊനാൻ ആണെന്നുവരെ മിലെ അവകാശപ്പെട്ടിരുന്നു. കൊനാനെ കൂടാതെ നാലു നായകളും മിലെയ്ക്ക് ‘രാഷ്ട്രീയഉപദേശം’ നൽകാനായി കൂടെയുണ്ട്.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഹവിയർ മിലെ(Photo by Emiliano Lasalvia / AFP)
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഹവിയർ മിലെ(Photo by Emiliano Lasalvia / AFP)

സാമ്പത്തിക വിദഗ്ധരായ മുറൈ റോത്ബാർഡ്, മിൽട്ടൻ ഫ്രൈഡ്മാൻ, റോബർട്ട് ലൂക്കാസ് എന്നിവരെ അനുസ്മരിപ്പിക്കും വിധം മുറൈ, മിൽട്ടൻ, റോബർട്ട്, ലൂക്കാസ് എന്നിങ്ങനെയാണ് തന്റെ നായ്ക്കൾക്കും മിലെ പേരിട്ടിരിക്കുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ തന്ത്രജ്ഞരാണ് നായകളെന്നാണ് അർജന്റീനൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ മിലെ അവകാശപ്പെട്ടത്. അവർ പല വിഷയങ്ങളിലും തന്നെ ഉപദേശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വ്യത്യസ്തം രാഷ്ട്രീയ ചിന്തകൾ

‘‘അർജന്റീനയുടെ പതനം ഇന്നോടെ അവസാനിക്കുന്നു’’ എന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മിലെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. ‘സിഹം’ എന്നാണ് മിലെ ചിലപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത്. സർക്കാരിന്റെ വലുപ്പം കുറയ്ക്കും, നിലവിലെ കറൻസിയായ പെസോ ഒഴിവാക്കി ഡോള‍ർ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കൊണ്ടുവരും, കേന്ദ്ര ബാങ്ക് വേണ്ടെന്നുവയ്ക്കും തുടങ്ങിയവയാണ് മിലെയുടെ പ്രധാന വാഗ്ദാനങ്ങൾ. ‘ഇക്കണോമിക് ഷോക് തെറാപ്പി’ എന്നാണ് മിലെയുടെ നയങ്ങളെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. പണപ്പെരുപ്പം ഉയർന്നതിനാൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്നും പറയുന്നുണ്ട്. 

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഹവിയർ മിലെ(Photo by Emiliano Lasalvia / AFP)
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഹവിയർ മിലെ(Photo by Emiliano Lasalvia / AFP)

ലൈംഗിക വിദ്യാഭ്യാസം, ഗർഭഛിദ്രം തുടങ്ങിയവയെ എതിർക്കുകയും കൂടുതൽ അയഞ്ഞ തോക്ക് നിയമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഗർഭഛിദ്രം വീണ്ടും ക്രിമിനൽ കുറ്റമാക്കാനുള്ള ആലോചനയും നടത്തുന്നുണ്ട്. ലൈംഗികവിദ്യാഭ്യാസം മാർക്സിസ്റ്റ് ചിന്താഗതിയാണെന്നും അത് കുടുംബ വ്യവസ്ഥിതിക്ക് വെല്ലുവിളിയാണെന്നും മിലെ കരുതുന്നു.  കാലാവസ്ഥ വ്യതിയാനത്തിനുള്ള കാരണം മനുഷ്യരാണെന്ന് വാദം ഒരു ‘സോഷ്യലിസ്റ്റ് നുണ’യാണ് എന്നാണ് മിലെയുടെ അവകാശവാദം. അർജന്റീനയിൽ നിന്നുള്ള പോപ്പ് ഫ്രാൻസിസ് മാർപാപ്പയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

ദാരിദ്രത്തിന്റെ പടുകുഴിയിൽ നിൽക്കെ ഒരു മാറ്റത്തിനായാണ് മിലെയെ ജനം തിരഞ്ഞെടുത്തത്. മിലൈയുടെ സാമ്പത്തിക വാഗ്ദാനങ്ങളിൽ ജനം ഒരു കൈ പ്രതീക്ഷ അർപ്പിക്കുന്നുണ്ടെങ്കിലും മറ്റു നയങ്ങൾ ഏറെ ഭയപ്പെടുത്തുന്നുണ്ട് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 

English Summary:

Ex-Tantric Sex Coach, Argentina’s Trump and President-Elect: Who’s Javier Milei?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com