ADVERTISEMENT

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ ഐഡി കാർഡുകൾ നിർമിച്ചെന്ന കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് വാദങ്ങൾ തള്ളിയ സിജെഎം കോടതി 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.  രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പൊലീസിനു തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ ഒന്നാം പ്രതിയും ബിനിൽ ബിനു രണ്ടാം പ്രതിയും അഭിനന്ദ് വിക്രം മൂന്നാം പ്രതിയും വികാസ് കൃഷ്ണൻ നാലാം പ്രതിയുമാണ്. 

പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികളുടെ ജാമ്യാപേക്ഷയിലും വാദം കേൾക്കേ, കോടതി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളിൽ കോടതി ആശങ്ക രേഖപ്പെടുത്തി. പ്രതികളെ പിടിക്കാനായി അന്വേഷണ സംഘം രണ്ടു ജില്ലകൾ കടന്നു പോയി പരിശോധന നടത്തിയെങ്കിലും നിയമപ്രകാരമുള്ള അനുമതി വാങ്ങിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. പ്രതികൾ കംപ്യൂട്ടറിലെയും മൊബൈലിലെയും തെളിവുകൾ നശിപ്പിച്ചെന്നാണ് പൊലീസിന്റെ വാദമെന്നും, തെളിവുകൾ നശിപ്പിച്ചെങ്കില്‍ എന്തിനാണ് കസ്റ്റഡിയുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചെങ്കിൽ ഫൊറൻസിക്–സൈബർ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നും കോടതി പറഞ്ഞു.

ഗുരുതരമായ കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിൽ പങ്കാളികളാണെന്നും വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികൾക്ക് ഇന്നലെ തന്നെ ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. 27 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. അതു കഴിഞ്ഞുള്ള ഒരു മാസം ചൊവ്വ, ശനി ദിവസങ്ങളിൽ ഹാജരാകണം. പിന്നീടുള്ള ഒരു മാസം എല്ലാ ശനിയാഴ്ചയും ഹാജരാകണം. പ്രതികൾ രാജ്യം വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചു.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ ഐഡി കാർഡുകൾ നിർമിച്ചത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മൊബൈൽ ആപ്പ് വഴിയാണ് നടന്നത്. വേണ്ടപ്പെട്ട സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി പ്രതികൾ വ്യാജ ഐഡി ഉപയോഗിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. 

ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ സൈബർ വിദഗ്ധനായ നാലാം പ്രതിയുടെ സഹായത്തോടെ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയറിലൂടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പട്ടികയിലെ ഇലക്‌ഷൻ ഐഡി നമ്പർ ഉപയോഗിച്ചു പേരും വിലാസവും ഫോട്ടോയും യുനീക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകളും വ്യത്യാസപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ ഐഡികൾ നിർമിച്ചതായി സിജെഎം കോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

English Summary:

Bail for Youth congress workers in Fake ID Card Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com