ADVERTISEMENT

ന്യൂഡൽഹി∙ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് തെന്നിന്ത്യൻ ചലച്ചിത്ര നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. ഒരു ജുവലറി ഉടമ ഉൾപ്പെട്ട 100 കോടി രൂപയുടെ ‘പോൺസി’ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ആരോപണവിധേയരായ പ്രണവ് ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് വിവരം.  ബിജെപി വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ നടനാണ് പ്രകാശ് രാജ്.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ഈ ജുവലറി ഗ്രൂപ്പിന്റെ ശാഖകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിലായി കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം.

ചെന്നൈയിൽ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ഈ ഗ്രൂപ്പിന് ശാഖകളുണ്ട്. ഈ പരിശോധനകളുടെ തുടർച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. 

പോൺസി സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം. പുതിയ നിക്ഷേപകരിൽനിന്ന് സ്വീകരിക്കുന്ന പണം നിലവിലെ നിക്ഷേപകർക്ക് നൽകുകയും ഭാവിയിൽ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് പോൺസി സ്കീം. 

English Summary:

Actor Prakash Raj summoned by Enforcement Directorate in ponzi scheme probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com