ADVERTISEMENT

ചെന്നൈ∙ കള്ളപ്പണം വെളുപ്പിച്ചതിന് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറിക്കെതിരായ കേസിൽ ഇ.ഡി നോട്ടിസ് അയച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മോദിയുടെ സാന്നിധ്യത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിന്റെ ചുവടുപിടിച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കിൽ മോദിയുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, ഒരു കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന കുറിപ്പു പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം.

‘‘പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരും’’ – കുറിപ്പ് പങ്കുവച്ച് പ്രകാശ് രാജ് എഴുതി. നേരത്തെ, വിവാദ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടനോട് അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജ്വല്ലറിയിൽനിന്നു കണക്കിൽപെടാത്ത 23.7 ലക്ഷം രൂപയും 11.6 കിലോ സ്വർണവും ഇ.ഡി പിടിച്ചെടുത്തിരുന്നു. പ്രകാശ് രാജ് പങ്കുവച്ച കുറിപ്പിൽനിന്ന്:

രാജസ്ഥാനിലെ ഒരു ബിജെപി നേതാവ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെയോട് ഞെട്ടിക്കുന്ന ഒരു സത്യം വെളിപ്പെടുത്തിയിരിക്കുന്നു. ഇത് നിങ്ങളെ ത്രസിപ്പിക്കും.

വലിയ ബാനറുകളും ഹോർഡിങ്ങുകളും തയാറാക്കി ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ബിജെപി രാജസ്ഥാനിൽ വലിയ ഒരുക്കങ്ങൾ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ജഴ്സിയണിഞ്ഞ് വിജയചിഹ്‌നം കാട്ടുന്ന ചിത്രവും ഈ ബാനറുകളിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച ബാനറുകൾ മാറ്റി, അപശകുനമായ മോദി ഇന്ത്യൻ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുന്ന ബാനറുകൾ സ്ഥാപിക്കാനായിരുന്നു നീക്കം.

ലോകകപ്പ് കിരീടവുമേന്തി ഇന്ത്യൻ താരങ്ങൾക്കൊപ്പം ജയ്പുരിൽ തുറന്ന ബസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കും പദ്ധതിയിട്ടിരുന്നു. അതിന്റെ പദ്ധതികളും മറ്റു വിശദാംശങ്ങളും ഈ നേതാവ് സുപ്രിയ ശ്രീനട്ടയെ കാണിച്ചു. ഇക്കാര്യം ആരോടും പറയരുതെന്നും ബിജെപിയുടെ ഉന്നത നേതൃത്വം രഹസ്യമാക്കി സൂക്ഷിക്കുന്ന കാര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് നേടിയിരുന്നെങ്കിൽ അതിന്റെ പേരിൽ ഇവർ എത്രമാത്രം തരം താഴുമായിരുന്നുവെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. തികച്ചും അസാധാരണമെന്നു തോന്നുന്നില്ലേ? പക്ഷേ എന്നെ സംബന്ധിച്ച് ഇതിൽ യാതൊരു അദ്ഭുതവുമില്ല.

സത്യത്തിൽ, ഇന്ത്യ തോറ്റിട്ടു പോലും അതിൽനിന്ന് എന്തുമാത്രം നേട്ടമുണ്ടാക്കാമെന്നാണ് അപശകുനം ആലോചിച്ചത്. എന്തായാലും അപശകുന പരാമർശത്തിലൂടെ അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞേ തീരൂ.

English Summary:

Actor Prakash Raj Takes A Dig At PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com