ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപൂർവേഷ്യയ്ക്കു മുകളിൽ വിമാനങ്ങൾക്ക് ജിപിഎസ് സിഗ്‌നൽ നഷ്ടമാകുന്നതിൽ, ഇന്ത്യൻ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി‍ജിസിഎ). കഴിഞ്ഞ കുറച്ചു നാളുകളായി ഈ മേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾക്ക് സിഗ്‌നൽ നഷ്ടപ്പെടുന്നതായും തെറ്റായ വിവരങ്ങൾ കാണിക്കുന്നതുമായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

‘‘ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജിഎൻഎസ്എസ്) പ്രവർത്തനം തടസ്സപ്പെടുന്നതായുള്ള പുതിയ റിപ്പോർട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പുതിയ ഭീഷണികളുടെ പശ്ചാത്തലത്തിൽ വ്യോമയാന മേഖല അനിശ്ചിതത്വം നേരിടുകയാണ്’’ -ഡിജിസിഎ വിമാന കമ്പനികള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. പൈലറ്റുമാർ, നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പു നൽകി. ഗതിനിര്‍ണയ സംവിധാനത്തിലെ തകരാറുകളുടെ ഫലമായി സെപ്റ്റംബറിൽ നിരവധി വിമാനങ്ങൾ ഇറാന് സമീപത്തേക്ക് പറന്നിരുന്നു. ഇതില്‍ ഒരു വിമാനം അനുമതിയില്ലാതെ ഇറാന്‍ വ്യോമാതിര്‍ത്തിക്ക് തൊട്ടടുത്ത് വരെ എത്തിയിരുന്നു. 

മധ്യപൂർവേഷ്യയ്ക്കു മുകളില്‍ പറക്കുന്ന വിമാനത്തിന് ലഭിക്കുന്ന തെറ്റായ ജിപിഎസ് സിഗ്നല്‍ ശരിയാണെന്ന അനുമാനത്തില്‍ ഗതിനിര്‍ണയ സംവിധാനം വിമാനം പോകേണ്ട വഴി നിശ്ചയിക്കുന്നതാണ് പ്രശ്നം. യഥാര്‍ഥത്തില്‍ പോകേണ്ട വഴിയില്‍നിന്ന് ഏറെ മാറിയുള്ള വഴിയാകും ഇത്. വിമാനത്തിന്റെ ഇനേര്‍ഷ്യല്‍ റഫറന്‍സ് സിസ്റ്റം (ഐആര്‍എസ്) അസ്ഥിരപ്പെടാനോ ഗതിനിര്‍ണയശേഷി മുഴുവനായി നഷ്ടപ്പെടാനോ ഇത് കാരണമായേക്കാം. 

വടക്കന്‍ ഇറാഖിനും അസര്‍ബൈജാനും ഇടയിലുള്ള തിരക്കേറിയ വ്യോമപാതയിലാണ് പ്രധാനമായി സിഗ്‌നൽ തകരാർ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ കാരണമെന്താണെന്നോ പിന്നില്‍ ആരാണെന്നോ ഉള്ള കാര്യങ്ങളില്‍ ആധികാരികമായ വിശദീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. പശ്ചിമേഷ്യയിൽ ഇപ്പോഴുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി സൈനികാവശ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക് യുദ്ധസാമഗ്രികള്‍ സ്ഥാപിച്ചതാകാം കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും സ്ഥിരീകരണമില്ല.

English Summary:

Planes Losing GPS Signal Over Middle-East, Indian Regulator Flags Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com