17 വർഷം മുൻപ് കൊലപാതകം; ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ സൗദിയിൽനിന്നു പിടികൂടി
Mail This Article
തിരുവനന്തപുരം ∙ 17 വർഷം മുൻപ് തുമ്പയിൽ കൊലപാതകം നടത്തി മുങ്ങിയ കേസിലെ മൂന്നാം പ്രതിയെ സൗദിയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. ലഹരിമരുന്നു സംഘാംഗമായിരുന്ന മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്നു വിളിക്കുന്ന സുധീഷിനെയാണ് (36) കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു.
ലഹരിമരുന്നു സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിനു തുമ്പയിൽ മുരളി കൊല ചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയായ സുധീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റിയാദിൽ സുധീഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം സൗദി പൊലീസ് വഴി ഇന്റർപോൾ ശേഖരിക്കുകയും കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് കേരള പൊലീസ് സൗദിയിലേക്ക് പോയത്.
സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം എസിപി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, സൈബർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് റിയാദിലെത്തി സുധീഷിനെ കഴിഞ്ഞ 18ന് കസ്റ്റഡിയിലെടുത്തത്.
ഏറെ കോളിളക്കം സൃഷ്‌ടിച്ച മുരളി വധക്കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബുവും രണ്ടാം പ്രതി ഷൈനുവും വിചാരണയ്ക്കു ഹാജരാകാതെ ഒളിവിലാണ്. മദ്യവും ലഹരിമരുന്നും വിൽപന നടത്തിയ പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് മുരളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം. കേസിന്റെ വിചാരണ വേഗത്തിലാക്കാനാണു സിറ്റി പൊലീസിന്റെ തീരുമാനം. പ്രതിയെ ഇന്ന് സെഷൻസ് കോടതി മുൻപാകെ ഹാജരാക്കും.