വീണ് കിടക്കുന്നവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലായിരുന്നില്ല: ദൃക്സാക്ഷി
Mail This Article
കൊച്ചി∙ കുസാറ്റിൽ അപകടം നടന്നതിനു പിന്നാലെ ആളുകൾ ഓടിക്കൂടി വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചതു മൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നു കളമശേരി നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കൗൺസിലർ നിഷാദ്. കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ മഴ പെയ്തതോടെ കുട്ടികൾ ഓഡിറ്റോറിയത്തിനകത്തു കയറുകയായിരുന്നു. ഒറ്റ വഴി മാത്രമാണ് ഓഡിറ്റോറിയത്തിന് ഉള്ളത്. അടിയന്തിര അവസ്ഥയുണ്ടായൽ പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങൾ ഓഡിറ്റോറിയത്തിലില്ല. ആളുകൾക്ക് ഓടിക്കൂടി വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുമൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നു കളമശേരി നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കൗൺസിലർ നിഷാദ് പറഞ്ഞു.
‘‘ഹാളിൽ ഒരു എക്സിറ്റ് സംവിധാനമുണ്ടായിരുന്നില്ല. എൻട്രി ഗേറ്റ് മാത്രമാണുള്ളത്. മഴ വന്നപ്പോൾ കുട്ടികളുടെ ഐഡി കാർഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തള്ളിക്കയറ്റമുണ്ടായി. തള്ളിക്കയറ്റത്തിനിടെ വീണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്ര തിരക്കുണ്ടായിരുന്നു. ഹാളിൽ ഉൾക്കൊള്ളാൻ പറ്റുന്നതിൽ അധികം ആളുകളുണ്ടായിരുന്നു. പരിപാടി ക്രമീകരിച്ചതിൽ വീഴ്ചയുണ്ടായി’’– സംഭവസ്ഥലത്തുണ്ടായിരുന്ന ആൾ പറഞ്ഞു.