ADVERTISEMENT

റായ്പുർ∙ 508 കോടി രൂപയുടെ മഹാദേവ് വാതുവയ്പ് ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡ്രൈവർ അസിം ദാസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ നേരത്തെ നൽകിയ മൊഴി പിൻവലിച്ചു. ‘ബലിയാടാക്കപ്പെടുന്നു’ എന്നു പറഞ്ഞാണ് മൊഴി പിൻവലിച്ചത്. 

തന്നെ പ്രതിക്കൂട്ടിലാക്കുകയും മൊഴിയിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ദാസ് കോടതിക്ക് കത്തഴുതിയിരുന്നു. നേരത്തേ, ആരോപണങ്ങൾ നിഷേധിച്ച ബാഗേൽ ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. സർക്കാരിനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടിയെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. 

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലു ദിവസം മുൻപ് നവംബർ 3ന്, അസിം ദാസിന്റെ കാറിൽനിന്ന് 5.39 കോടി രൂപ പിടിച്ചെടുത്ത ഇഡി, അസിം ദാസിനെയും കോൺസ്റ്റബിൾ ഭീം സിങ് യാദവിനെയും (41) അറസ്റ്റ് ചെയ്തു. കേസിൽ കുറ്റാരോപിതനായ ശുഭം സോണിയുടെ നിർദ്ദേശപ്രകാരമാണ് റായ്പുരിലെത്തിയതെന്നും കോൺഗ്രസ് പാർട്ടി നേതാക്കൾക്കു തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി പണം കൈമാറാൻ എത്തിയതാണെന്നുമായിരുന്നു അസിം ദാസ് ഇഡിയോടു പറഞ്ഞത്. ഭരണകക്ഷിയുടെ നേതാക്കൾക്കു തുക കൈമാറേണ്ടതായിരുന്നുവെന്ന് അസിം ദാസ് തങ്ങളോട‌ു സമ്മതിച്ചതായും പണത്തിന്റെ അന്തിമ സ്വീകർത്താവായി മുഖ്യമന്ത്രി ബാഗേലിന്റെ പേര് പറഞ്ഞതായും ഇഡി കോടതിയെയും അറിയിച്ചിരുന്നു. 

ഈ പ്രസ്താവനയാണ് അസിം ദാസ് ഇപ്പോൾ പിൻവലിച്ചത്. ‘‘ഞാൻ ഒരു ബലിയാടാക്കപ്പെടുകയാണെന്ന് മനസ്സിലാക്കുന്നു. ബാഗേലിനോ ഏതെങ്കിലും വർമയ്‌ക്കോ മറ്റേതെങ്കിലും കോൺഗ്രസ് പാർട്ടി നേതാക്കൾക്കോ പ്രവർത്തകനോ ഞാനൊരിക്കലും പണമോ ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ നൽകിയിട്ടില്ല’’– അസിം ദാസ് പ്രത്യേക പിഎംഎൽഎ കോടതിയിൽ രേഖാമൂലം നൽകിയ മൊഴിയിൽ പറയുന്നു. 

പിന്നാലെ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കേസിൽ ഇഡിയുടെ ആരോപണങ്ങൾ ശരിയല്ലെന്നും കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് വക്താവ് ആർ.പി.സിങ് പറഞ്ഞു.

ശുഭം സോണി തന്നെ തെറ്റായി പ്രതിക്കൂട്ടിലാക്കുകയായിരുന്നുവെന്ന് ആരോപിച്ച് നവംബർ 10ന് അസിം ദാസ് കോടതിക്ക് കത്തെഴുതിയിരുന്നു. ‘‘ദുബായിൽ വച്ചാണ് ശുഭം സോണിയെ കണ്ടുമുട്ടിയത്. അവിടെ ഒരു നിർമാണ സ്ഥാപനം സ്ഥാപിക്കാൻ എന്നെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷേ മാധ്യമങ്ങൾ വ്യത്യസ്തമായ കഥയാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് ശുഭം സോണിയോട് ചോദിച്ചപ്പോൾ സൗരഭ് ചന്ദ്രകറും രവി ഉപ്പലും മിശ്ര എന്ന ഇഡി ഉദ്യോഗസ്ഥനുമായി നേരത്തെ തന്നെ കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി’’– കത്തിൽ പറയുന്നു. 

ഒരു കാർ എടുത്ത് റായ്പുരിലെ ഹോട്ടലിൽ എത്തിക്കാനും പിന്നീട് വാഹനത്തിൽനിന്ന് പണം എടുക്കാനും നിർദ്ദേശം നൽകിയതെങ്ങനെയെന്നും കത്തിൽ പറയുന്നുണ്ട്. തനിക്കു മനസ്സിലാകാത്ത ഒരു പ്രസ്താവനയിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും ഏതെങ്കിലും രാഷ്ട്രീയക്കാരനു പണം നൽകുന്നതു താന്‍ നിഷേധിച്ചുവെന്നും കത്തിൽ അസിം ദാസ് അവകാശപ്പെട്ടു. 2022 ജൂലൈയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

English Summary:

Accused in Mahadev app case retracts statement against Baghel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com