ADVERTISEMENT

തിരുവനന്തപുരം∙ കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടിസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസും നല്‍കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെംപറേച്ചര്‍ മോണിറ്ററിങ് റെക്കോര്‍ഡ്‌സ് കടകളില്‍ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.

ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. കോണില്‍നിന്നു സ്‌ളൈസ് ചെയ്‌തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിങ്ങോ ഓവനില്‍ ബേക്കിങ്ങോ ചെയ്യണം.

മയോണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയോണൈസോ മാത്രം ഉപയോഗിക്കുക. മയോണൈസുകൾ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയോണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിനുശേഷം ബാക്കി വന്നത് നാലു ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കരുത്. 

പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകം ചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്നു വ്യക്തമായി ചേര്‍ക്കണം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലൈസന്‍സ് അല്ലെങ്കില്‍ റജിസ്‌ട്രേഷന്‍ എടുത്തു മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇതു ലംഘിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

English Summary:

Food Safety Department conducted Raids on shawarma outlets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com