ADVERTISEMENT

ലക്നൗ∙ ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്യാപ്റ്റന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറുന്നത് ‘ഫോട്ടോഷൂട്ടി’നുള്ള അവസരമാക്കിയ മന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. ഉത്തർപ്രദേശിലാണ് സംഭവം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ കുടുംബത്തിനു ധനസഹായം കൈമാറുന്നതിന്റെ ചിത്രം പകർത്താനായിരുന്നു നേതാക്കളുടെ ശ്രമം. ശുഭം ഗുപ്തയുടെ കുടുംബത്തിന് 50 ലക്ഷം രൂപയാണ് യുപി സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

സഹായം നൽകുന്നതിന്റെ ദൃശ്യം പകർത്തുന്നതിനെ സൈനികന്റെ അമ്മ എതിർത്തെങ്കിലും, നേതാക്കൾ ചെക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിൽനിന്ന് പിൻമറിയില്ല. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയായ യോഗേന്ദ്ര ഉപാധ്യായ, ബിജെപി എംഎൽഎ ജി.എസ്. ധർമേഷ് എന്നിവരാണ് സംസ്ഥാന സർക്കാരിന്റെ ധനസഹായം ക്യാപ്റ്റന്റെ കുടുംബത്തിനു നൽകാനായി എത്തിയത്. ഒട്ടേറെ പാർട്ടി പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആഗ്രയിലെ വസതിയിലെത്തി ഇരുവരും ചെക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ്, ഒപ്പമുണ്ടായിരുന്നവർ ക്യാമറയിൽ പകർത്താൻ ശ്രമിച്ചത്.

ഇതിനിടെ, ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ അമ്മ കണ്ണീരോടെ എതിർപ്പുമായി രംഗത്തെത്തി. പൊതുസമൂഹത്തിനു മുന്നിൽ ഇതൊരു പ്രദർശനമാക്കി മാറ്റരുതെന്ന് അവർ അഭ്യർഥിച്ചു. ഒരു സഹായവും തനിക്കു വേണ്ടെന്നും, മകനെ തിരികെ നൽകിയാൽ മതിയെന്നും അമ്മ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മന്ത്രിയും എംഎൽഎയും ഇതുകേട്ട് അമ്മയെ തിരിഞ്ഞുനോക്കിയെങ്കിലും, ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിൽനിന്ന് പിൻമാറിയില്ല.

കോൺഗ്രസും ആംആദ്മി പാർട്ടിയും ബിജെപി നേതാക്കളുടെ ക്രൂരമായ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആർത്തിയെ വിമർശിച്ചു.

ആ അമ്മ മകന്റെ മൃതദേഹം എത്താനായി കാത്തിരിക്കുമ്പോൾ, ബിജെപി നേതാക്കൾക്ക് പിആർ പ്രവർത്തനത്തിന്റെ ഭാഗമായി ഫോട്ടോ പകർത്താനാണു ധൃതിയെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ വിമർശിച്ചു. ബിജെപി നേതാക്കളുടെ പ്രവൃത്തി ലജ്ജാകരമെന്ന്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും കുറിച്ചു.

English Summary:

UP Minister Slammed For "Photo Op" As Dead Soldier's Mother Sobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com