ADVERTISEMENT

ന്യൂഡൽഹി ∙ വടക്കൻ ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അജ്ഞാത വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രതാ നിർദേശം. ഇത്തരം രോഗാവസ്ഥകളെ നേരിടാനുള്ള തയാറെടുപ്പുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ പറഞ്ഞു,

പൊതുജനാരോഗ്യം, ആശുപത്രി സംവിധാനങ്ങൾ, രോഗപ്രതിരോധ തയാറെടുപ്പ് എന്നിവയെപ്പറ്റി വിശദമായും അടിയന്തരമായും വിലയിരുത്തണമെന്നു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ആവശ്യത്തിനു ജീവനക്കാർ, കിടക്കകൾ, മരുന്നുകൾ, മെഡിക്കൽ ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ, പിപിഇ കിറ്റ്, പരിശോധനാ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണം. ഓക്സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം കുറ്റമറ്റതാണെന്ന് പരിശോധിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വടക്കൻ ചൈനയിൽ ശ്വാസകോശ രോഗങ്ങളും പക്ഷിപ്പനി കേസുകളുമാണ് (എച്ച്9എച്ച്2–ഏവിയൻ ഇൻഫ്ലുവൻസ) കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടിന്റെയും കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്നു കേന്ദ്രം പറയുന്നു. കുട്ടികളിൽ കൂടുതലായി ന്യുമോണിയ സ്ഥിരീകരിക്കപ്പെടുന്നതിലും ആശങ്കപ്പെടാനില്ലെന്നും അസാധാരണ രോഗകാരികളുടെ സാന്നിധ്യമില്ലെന്നുമാണു പ്രാഥമിക നിഗമനം. ഇപ്പോൾ ശക്തമായ തണുപ്പായതിനാൽ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണു ചൈനയുടെ വിശദീകരണം.

കേരളത്തിൽ ജാഗ്രത പാലിക്കാൻ നേരത്തെതന്നെ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കോവിഡ് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തതു കേരളത്തിലായിരുന്നു. ചൈനയിൽനിന്ന് അടുത്തിടെ വന്നവരെയും അവരുടെ കുട്ടികളെയും നിരീക്ഷിക്കും. ഇടവിട്ടുള്ള മഴ ഉള്ളതിനാൽ കേരളത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വന്നവരുമായി സമ്പർക്കം ഉണ്ടോയെന്നു പ്രത്യേകം ചോദിക്കും. ജാഗ്രത തുടരണമെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) അറിയിച്ചു.

English Summary:

India Says Monitoring China Pneumonia Spike, Urges States To Not Panic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com