ADVERTISEMENT

ന്യൂഡൽഹി∙ ചില വലിയ കുടുംബങ്ങൾ വിദേശത്ത് വിവാഹം നടത്തുന്ന പ്രവണതയിൽ (ഡെസ്റ്റിനേഷൻ വെഡിങ്) ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം, രാജ്യത്തിന്റെ തീരം കടന്നു പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിവാഹങ്ങൾക്കായി ഷോപ്പിങ് നടത്തുമ്പോൾ ഇന്ത്യയിൽ നിർമിച്ച ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്നു. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് ചില വ്യാപാര സ്ഥാപനങ്ങൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിങ് നടത്തുമ്പോൾ, എല്ലാവരും ഇന്ത്യയിൽ നിർമിച്ച ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകണം’’– പ്രധാനമന്ത്രി പറഞ്ഞു.

‘‘വിവാഹം എന്ന വിഷയം ഉയർന്നുവന്നപ്പോൾ, ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. ഇക്കാര്യം എന്റെ കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞില്ലെങ്കിൽ മറ്റാരോട് പറയും. ഒന്ന് ആലോചിച്ചു നോക്കൂ. അടുത്തിടെയായി ചില കുടുംബങ്ങൾ വിദേശത്ത് പോയി വിവാഹം നടത്തുന്നു. ഇത് ആവശ്യമാണോ?’’– പ്രധാനമന്ത്രി ചോദിച്ചു. ആളുകൾ വിവാഹ ആഘോഷങ്ങൾ ഇന്ത്യയിൽ നടത്തുകയാണെങ്കിൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ തുടരുമെന്നും ഇത്തരം വിവാഹങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം വിവാഹ ചടങ്ങുകൾ നടത്തിക്കൂടാ?. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്നില്ലായിരിക്കാം. പക്ഷേ നമ്മൾ അത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ, സംവിധാനങ്ങളും വികസിക്കും. ഇത് വളരെ വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്റെ ഈ വേദന തീർച്ചയായും ആ വലിയ കുടുംബങ്ങളിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.

English Summary:

"Is It Necessary?": PM Modi On Destination Weddings Outside India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com