‘മൂത്തകുട്ടി കാറിന്റെ ഡോറിൽ തൂങ്ങികിടന്നു, റോഡിലൂടെ വലിച്ചിഴച്ചു; പിന്നീട് ഡോർ പോലും അടയ്ക്കാതെ പാഞ്ഞുപോയി’
Mail This Article
കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സഹോദരന്‍ കാറിന്റെ ഡോറിൽ തൂങ്ങികിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ യുവതി. ‘‘ ഞാൻ കാണുമ്പോൾ മൂത്ത കൂട്ടി കാറിന്റെ ഇടതുവശത്തെ പിൻഡോറിൽ തൂങ്ങികിടക്കുകയായിരുന്നു. നീങ്ങുകയായിരുന്ന കാറിൽ ഇവനെ വലിച്ചിഴയ്‌ക്കുകയായിരുന്നു. ഞാൻ സ്‌കൂട്ടറിൽ എത്തുമ്പോഴേക്കും അവനെ ഉപേക്ഷിച്ച് ഡോർ പോലും അടയ്ക്കാതെ വളവുതിരിഞ്ഞ് കാർവേഗം പോകുകയായിരുന്നു. അവനെ പിടിച്ച് എഴുന്നേൽപ്പിച്ചപ്പോഴാണ് സഹോദരി കാറിലുണ്ടെന്ന വിവരം പറയുന്നത്. അപ്പോൾ ബൈക്കിലെത്തിയവരോട് കാര്യം പറഞ്ഞു. അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.’’– അവര്‍ പറഞ്ഞു.
കുട്ടിക്കായി സംസ്ഥാനമൊട്ടാകെ സംശയം തോന്നുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതു നാലുപേരെന്നു പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞിരുന്നു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഇവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നെന്നും അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും എട്ടുവയസ്സുകാരൻ പറഞ്ഞത്.
ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു ആറു വയസ്സുകാരിയായ അബിഗേൽ സാറയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകളാണ് അബിഗേൽ സാറ. തിങ്കളാഴ്ച വൈകിട്ടു നാലുമണിയോടെ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേയാണു സംഭവം. അബിഗേലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നു സഹോദരൻ അറിയിച്ചതോടെ കുടുംബം പൊലീസിൽ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള കാറിലാണു സംഘമെത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയ്‌ക്ക് അധികം ദൂരമില്ലാത്ത സ്ഥലമായതിനാൽ സംസ്ഥാനമാകെ വ്യാപകമായാണ് അന്വേഷണം.