നവീൻ പട്‌നായിക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യൻ ബിജെഡിയിൽ ചേർന്നു
Mail This Article
ഭുവനേശ്വർ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കാർത്തികേയൻ പാണ്ഡ്യൻ (വി.കെ.പാണ്ഡ്യൻ) ഭരണകക്ഷിയായ ബിജു ജനതാദളിൽ (ബിജെഡി) ഔദ്യോഗികമായി ചേർന്നു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ, നവീൻ പട്‌നായിക്, സംസ്ഥാന മന്ത്രിമാർ, നിയമസഭാംഗങ്ങൾ, മുതിർന്ന ബിജെഡി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.
2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വി.കെ.പാണ്ഡ്യൻ, ഈ വർഷം ഒക്ടോബർ 23ന് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചിരുന്നു. സർവീസ് ചട്ടം ലംഘിച്ചുവെന്ന് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചതിനു തൊട്ടുപിന്നാലെ, ക്യാബിനറ്റ് റാങ്കുള്ള പദവിയിൽ അദ്ദേഹത്തെ നിയമിച്ചിരുന്നു.
2002-ൽ കലഹണ്ടി ജില്ലയിലെ ധർമഗഢ് സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച പാണ്ഡ്യൻ, 2005-ൽ മയൂർഭഞ്ച് ജില്ലയുടെ കലക്ടറായി. 2007-ൽ ഗഞ്ചാം ജില്ലയുടെ കലക്ടറായി. ഗഞ്ചമിൽ ജോലി ചെയ്തിരുന്ന കാലത്ത്, നവീൻ പട്നായിക്കുമായി അടുത്ത പാണ്ഡ്യൻ 2011 മുതൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.