ADVERTISEMENT

തിരുവനന്തപുരം∙ കൃത്യമായി ആസൂത്രണം ചെയ്താണ് നാലംഗ സംഘം കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്. വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈൽഫോൺ ഉപയോഗിക്കാതെയും സംഘം നീങ്ങുന്നതാണ് പൊലീസിനു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതു വെല്ലുവിളിയായി ഏറ്റെടുത്ത് കുട്ടിയെ കണ്ടെത്താനുള്ള കഠിനപ്രയത്നത്തിലാണ് പൊലീസ്.

Read also: ‘ചുരിദാറിട്ട മുഖം മറച്ച സ്ത്രീ ഓടി രക്ഷപ്പെട്ടു’; അബിഗേലിനെ തട്ടിക്കൊണ്ടു പോയത് ഈ അമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ

വെള്ള നിറത്തിലുള്ള കാർ കുറച്ചു ദിവസങ്ങളായി വീടിനടുത്ത് കറങ്ങുന്നതായി അബിഗേലും സഹോദരൻ ജോനാഥനും നേരത്തെ വീട്ടിൽ പറഞ്ഞിരുന്നു. നാട്ടുകാരിൽ ചിലരും ഇക്കാര്യം പൊലീസിനോട് പറഞ്ഞു. ആസൂത്രണം നടന്നതായി പൊലീസ് സംശയിക്കാൻ ഒരു കാരണം ഇതാണ്. ഇന്നലെ നാലര മണിയോടെ കുട്ടിയെ തട്ടികൊണ്ടുപോയി മൂന്നര മണിക്കൂർ പിന്നിടുമ്പോഴാണ് കുട്ടിയുടെ അമ്മ സിജി തങ്കച്ചന്റെ ഫോണിലേക്ക് സ്ത്രീയുടെ വിളിയെത്തിയത്. അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

Read also: ‘ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല; മകൾക്ക് ട്യൂഷനു പോകാൻ പോലും ഭയം, നാട്ടുകാർ ആകെ ഭയപ്പാടിലാണ്’ 

കുട്ടിയിൽനിന്നാണോ അമ്മയുടെ ഫോൺ നമ്പർ ലഭിച്ചത് അതോ നേരത്തെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം ശേഖരിച്ചോ എന്നു വ്യക്തമല്ല. പൊലീസ് പ്രധാന റോഡുകളിലെല്ലാം പരിശോധന നടത്തുമ്പോഴാണ് വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി കിഴക്കനേലയിലെ ഒരു കടയുടമയുടെ ഫോണിൽനിന്നാണ് സംഘം വിളിച്ചത്. വാർത്താ പ്രധാന്യം നേടുന്ന കേസുകളിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ദൂരെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് ക്രിമിനൽ സംഘങ്ങൾ സാധാരണ ശ്രമിക്കാറുള്ളത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് അൽപംമാറി മോചനദ്രവ്യം ആവശ്യപ്പെടുന്നത് സാധാരണ പതിവുള്ള രീതിയല്ല. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി തെറ്റിദ്ധരിപ്പിക്കാനാണോ എന്നു പൊലീസ് സംശയിക്കുന്നു. കുടുംബവുമായി പരിചയമുള്ള ചിലരുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.

പിന്നീടുള്ള നീക്കങ്ങളെല്ലാം പൊലീസിനെ വെട്ടിലാക്കുന്ന തരത്തിലുള്ളതായിരുന്നു. വീട്ടിലേക്ക് സംഘം വിളിച്ചതെല്ലാം മറ്റുള്ളവരുടെ ഫോണിൽനിന്നാണ്. ഫോൺ നമ്പർ നിരീക്ഷിച്ച് പൊലീസ് സംഘം ഉടനടി അതത് സ്ഥലങ്ങളിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടികൊണ്ട് പോയ വാഹനത്തെക്കുറിച്ചും ആശയക്കുഴപ്പം ഉണ്ടായി. വാഹനത്തിന്റെ മോഡൽ സംബന്ധിച്ച് വിരുദ്ധ മൊഴികളും സൂചനകളുമാണ് ലഭിച്ചത്. സിസിടിവിയിൽനിന്ന് ലഭിച്ച നമ്പർ ഉപയോഗിച്ച് അന്വേഷിച്ചെങ്കിലും  നമ്പർ ഇരുചക്രവാഹനത്തിന്റേതായിരുന്നു. മറ്റിടങ്ങളിലെ സിസിടിവിയിൽനിന്ന് ലഭിച്ച നമ്പർ ഉപയോഗിച്ച് കാറിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കാർ മാറിയ സംഘം ഇന്നലെ രാത്രി ഓട്ടോയിൽ സഞ്ചരിച്ചു. സംഭവം നടന്ന സ്ഥലത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ സംഘം രാത്രി 10 മണിവരെ വിവിധ വാഹനങ്ങളിൽ കറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നു രാവിലെ 10 മണിക്കു വിളിക്കുമെന്നും പണം കൈമാറിയാൽ കുട്ടിയെ വീട്ടിലെത്തിക്കുമെന്നുമായിരുന്നു സംഘം പറഞ്ഞിരുന്നത്. ഇന്നലെ രാത്രിക്കുശേഷം സംഘം ഫോണിൽ ബന്ധപ്പെട്ടിട്ടിട്ടില്ല. പൊലീസ് നീക്കങ്ങൾ മനസിലാക്കി, കുട്ടിയെയും തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിനെയും സുരക്ഷിതമായ സ്ഥാനത്ത് ഒളിപ്പിച്ചെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കിയതിനാൽ സംഘം അധികദൂരം പിന്നിട്ടിരിക്കാനിടയില്ല. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കി. ഒഴിഞ്ഞു കിടക്കുന്ന വീടുകളിലും ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്.

English Summary:

Four-member gang abducted child from Ooyur in a well-planned manner, said police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com