ADVERTISEMENT

കൊല്ലം ∙ ഓയൂരിൽനിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ കണ്ടെത്തുന്നതിൽ നിർണായകമായത് സഹോദരൻ ജോനാഥന്റെ അസാമാന്യ ധൈര്യം. സംഭവം കൃത്യമായി എല്ലാവരേയും ധരിപ്പിക്കാനും പൊലീസിനു വിവരങ്ങൾ കൈമാറാനും ജോനാഥനു കഴിഞ്ഞു. അക്രമി സംഘം കാറിലേക്ക് തന്നെയും വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും എന്നാല്‍ ചെറുത്തുനിൽക്കുകയായിരുന്നുവെന്നും ജോനാഥൻ വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ ജോനാഥനേക്കൂടി കാറിൽ കയറ്റാനായിരുന്നെങ്കിൽ കേസിന്റെ ഗതി തന്നെ മറ്റൊന്നാവുമായിരുന്നു. 

കുറ്റവാളികളേക്കുറിച്ച് വളരെ കൃത്യമായ വിവരണമാണ് പത്തു വയസ്സുകാരനായ ജോനാഥൻ പൊലീസുകാർക്ക് നൽകിയത്. എപ്പോഴാണ് സംഭവം നടന്നതെന്നും എവിടെവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘത്തിൽ എത്രപേര്‍ ഉണ്ടായിരുന്നു എന്നതടക്കം നിർണായക വിവരങ്ങളാണ് ജോനാഥൻ നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന സംഘത്തിൽ മൂന്ന് ആണും ഒരു പെണ്ണുമാണ് ഉണ്ടായിരുന്നതെന്നും പ്രതികൾ മാസ്ക് ധരിച്ചിരുന്നുവെന്നും ജോനാഥന്‍ വ്യക്തമായി വിവരിച്ചു നൽകി. തന്നെയും ഒരുഘട്ടത്തിൽ അവർ കാറിൽ കയറ്റാൻ ശ്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ചെറുത്തെന്നുമുള്ള ജോനാഥന്റെ വാക്കുകൾക്കു പിന്നാലെ ഒരു നാടു മുഴുവൻ ജാഗരൂകരാകുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ പൊലീസിന്റെ അന്വേഷണത്തിൽ നിർണായക മുന്നേറ്റം നൽകി. തങ്ങൾ സ്കൂളിലേക്കു പോകുന്ന വഴി മുൻപും ഇവരെ കണ്ടിരുന്നതായും ജോനാഥൻ പറയുന്നു. വളരെ ആസൂത്രിതമായാണ് സംഘം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കാറു നിർത്തിയിരുന്ന സ്ഥലവും മറ്റ് വിവരങ്ങളും ജോനാഥൻ പൊലീസിനു വ്യക്തമായി കാണിച്ചു നൽകി. കുറ്റവാളികൾ ജില്ലവിട്ടു പോകാതിരിക്കാൻ പൊലീസ് വളരെ വേഗത്തിൽതന്നെ നടപടികൾ സ്വീകരിച്ചു. വിവരങ്ങളറിയാൻ വൈകിയിരുന്നെങ്കിൽ അവർ മറ്റെവിടേക്കെങ്കിലും കടന്നുകളയാനുള്ള സാധ്യത വലുതായിരുന്നു.

മക്കള്‍ ആ വെള്ളക്കാറിനെക്കുറിച്ച് നേരത്തേ കുടുംബത്തോട് പറഞ്ഞിരുന്നുവെന്ന് അബിഗേലിന്റെ മുത്തശ്ശിയും വെളിപ്പെചുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാര്‍ കുറഞ്ഞത് 5 ദിവസമായി ഇവരുടെ വീടിനു സമീപത്തുണ്ടായിരുന്നെന്നാണ് ജോനാഥനും നാട്ടുകാരില്‍ ചിലരും പറഞ്ഞത്. എന്നാല്‍ ഈ നാട്ടില്‍ അത്തരം സംശയങ്ങളോ ദുരൂഹതകളോ ഒന്നും ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചതായും മുത്തശ്ശി വ്യക്തമാക്കി. 'അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാര്‍ കിടപ്പുണ്ട്. അതില്‍ രണ്ടുപേരുണ്ട്. അവര്‍ ഞങ്ങളെ നോക്കുന്നുണ്ട് എന്നാണ് ജോനാഥൻ നേരത്തേ കുടുംബത്തോട് പറഞ്ഞത്. ആ കാറിനെ പേടിയോടെയാണ് കുട്ടികള്‍ നോക്കിയത്. അതുകൊണ്ട് വടിയെടുത്തു കൊണ്ടാണ് ഇരുവരും കാറിനെ സമീപിച്ചതെന്നും ജോനാഥന്‍ പറഞ്ഞു.

കയ്യിൽനിന്ന് വഴുതിപ്പോയ കൊച്ചു സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ജോനാഥൻ. തിരിച്ചെത്തിയാലുടൻ അനുജത്തിക്ക് കഴിക്കാൻ എന്തെങ്കിലും നൽകുമെന്നും ഉമ്മ നൽകുമെന്നുമായിരുന്നു  ജോനാഥന്റെ ആദ്യ പ്രതികരണം. കമ്പ് ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും കുറ്റവാളികൾ അബിഗേലുമായി കടന്നതിന്റെ വിഷമത്തിലായിരുന്നു ജോനാഥൻ. കരഞ്ഞുകലങ്ങിയിരുന്ന അവന്റെ മുഖം ഇപ്പോൾ പ്രകാശിതമായിരിക്കുന്നു. അനുജത്തിയെ തിരികെയെത്തിക്കാൻ താൻ വഹിച്ച പങ്കിനേക്കുറിച്ച് കൊച്ചു ജോനാഥന് അഭിമാനിക്കാം. ഒരു നാടിന്റെയാകെ പ്രതീക്ഷയാണ് ഈ കൊച്ചുമിടുക്കന്റെ ധൈര്യം കാത്തത്.

English Summary:

Jonathan's bravery helps to find his sister Abigel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com