വീടിന് മുന്നിൽ യുവാവിനെ വെടിവച്ച് അക്രമികൾ; ചൂല് കൊണ്ട് അക്രമികളെ തുരത്തി സ്ത്രീ-വിഡിയോ
Mail This Article
ചണ്ഡീഗഡ്∙ ഹരിയാനയിൽ വീടിന് മുന്നിൽ വച്ച് യുവാവിനെ വെടിവച്ച അക്രമികളെ ചൂല് കൊണ്ട് തുരത്തി ഓടിച്ച് സ്ത്രീ. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഹരിയാനയിലെ ബിവാനിയിൽ ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രവി ബോക്‌സർ കൊലക്കേസിലെ കുറ്റവാളി ഹരികിഷന് നേരെയായിരുന്നു ആക്രമണം. ഇയാൾ ജാമ്യംനേടി പുറത്തിറങ്ങിയതാണ്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയുമായി ബന്ധമുള്ളയാളാണ് ഇയാൾ.
ഇന്നലെ രാവിലെ 7.30 ഓടെ ദാബർകോളനിയിലായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘം 2 ബൈക്കുകളിലായി എത്തിയാണ് ആക്രമണം നടത്തിയത്.
രാവിലെ വീടിന് സമീപം ഗേറ്റിന് പുറത്തായി ഹരികിഷൻ നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സമയം രണ്ടു ബൈക്കുകൾ ഇയാൾക്ക് കുറച്ച് അകലെയായി വന്നുനിന്നു. ഉടനെതന്നെ പിന്നാലെ ഇരുന്നവർ ഇയാൾക്കുനേരെ വെടിവെക്കുകയായിരുന്നു. തിരിഞ്ഞ് വീട്ടിലേക്ക് ഓടുന്നതിനിടയിൽ മുട്ടിന് വെടിയേറ്റ് വീഴുന്നതും, കഷ്ടപ്പെട്ട് വീടിന്റെ പരിസരത്തേക്ക് കയറി ഗേറ്റ് അടയ്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഈ നേരം അക്രമികൾ ഗേറ്റിന് സമീപമെത്തി വെടിവെക്കുമ്പോഴാണ് യുവതി നീളമേറിയ ചൂലുമായി എത്തുന്നത്. അക്രമികൾ ഗേറ്റ് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ഇവരെ അടിച്ചോടിച്ചത്. തിരിഞ്ഞോടുന്നതിനിടയിൽ യുവതിക്കുനേരെയും വെടിയുതിർത്ത അക്രമിസംഘം ബൈക്ക് അതിവേഗം ഓടിച്ച് കടന്നുകളയുകയായിരുന്നു. അക്രമികൾ ഹരികിഷന് നേരെ ഒൻപത് തവണയാണ് വെടിവച്ചത്. വിദഗ്ദ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ശരീരത്തിൽ നിന്ന് നാലു വെടിയുണ്ടകളാണ് കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നുമാസം മുൻപും ഹരികിഷനെ ആക്രമിക്കാൻ ശ്രമിച്ചതിന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരികിഷനെ ആക്രമികളിൽ നിന്ന രക്ഷിച്ച സ്ത്രീ ഇയാളുടെ ബന്ധുവാണോ, അയൽവാസിയാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇവർ വെടിയേറ്റ് കിടക്കുന്ന ഹരികിഷനെ പരിശോധിക്കുന്നതിനായി വീട്ടിലേക്ക് കയറുന്നതും ദൃശ്യത്തിലുണ്ട്.