ADVERTISEMENT

മുംബൈ ∙ പതിവുമണ്ഡലമായ ബാരാമതി ലോക്സഭാ സീറ്റ് വിട്ട് നാഗ്പുരിനടുത്തുളള വാർധയിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ രംഗത്ത്. മണ്ഡലം മാറിയാലും ബാരാമതി കർമഭൂമിയായി തുടരുമെന്ന് യോഗത്തിനിടെ സുപ്രിയ പറഞ്ഞു. പവാർ കുടുംബത്തിന്റെ തട്ടകമാണ് ബാരാമതി. ശരദ് പവാർ പതിവായി മത്സരിച്ചിരുന്ന ലോക്സഭാ സീറ്റ് 2009ലാണ് മകൾക്കു കൈമാറിയത്. ഇത് മൂന്നാം തവണയാണ് സുപ്രിയ അവിടെനിന്നു ലോക്സഭയിലെത്തിയത്. 

ബാരാമതി ഒഴിയാനുള്ള സൂചന നൽകിയത് എന്തുകൊണ്ടാണെന്ന് സുപ്രിയ വിശദീകരിച്ചില്ല. പാർട്ടി പിളർത്തി ശരദ് പവാറിനെ പ്രതിസന്ധിയിലാക്കിയ സഹോദരപുത്രൻ അജിത് പവാറിനോട് മണ്ഡലം ചായ്‌വ് കാണിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സുപ്രിയയുടെ നീക്കമെന്നാണ് അറിയുന്നത്. ബാരാമതിയിൽ നിന്നുള്ള എംഎൽഎയാണ് അജിത്. അദ്ദേഹത്തിന്റെ ഭാര്യ സുനേത്രയെ അജിത് പക്ഷം അവിടെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുടുംബത്തിൽ ഭിന്നിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് സുപ്രിയയുടെ ശ്രമമെന്നും സൂചനയുണ്ട്. 

‘‘വാർധയിൽ മഹാത്മാ ഗാന്ധിയുടെ സേവാഗ്രാം ആശ്രമവും വിനോഭ ബാവെയുടെ പൗനാർ ആശ്രമവും വർഷത്തിൽ രണ്ടു തവണ ഞാൻ സന്ദർശിക്കാറുണ്ട്. സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രദേശമാണ് വാർധ. പാർട്ടി അവസരം തന്നാൽ  വാർധയിൽ നിന്നു ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. ബാരാമതി കർമഭൂമിയായി തുടരും – ഇതായിരുന്നു യോഗത്തിൽ സുപ്രിയയുടെ വാക്കുകൾ. എൻസിപി–കോൺഗ്രസ് സീറ്റ് ധാരണയനുസരിച്ച് വർഷങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് വാർധ. നിലവിൽ ബിജെപിയുടെ രാംദാസ് ടഡസ് ആണ് അവിടെ നിന്നുള്ള ലോക്സഭാംഗം. 

English Summary:

Want to contest from Wardha, says Supriya Sule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com