ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലം ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ (6) തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. തിങ്കൾ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്. 

തിങ്കൾ നാലരയോടെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കുന്നത്. മുത്തശി ഫോൺ എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ കുട്ടികൾ റോഡിലേക്കിറങ്ങുകയായിരുന്നു. കുട്ടികളുടെ വീട്ടിൽനിന്ന് ട്യൂഷൻ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം. മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ ചിലരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ആറു വയസുകാരിയെ നഗര മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 21 മണിക്കൂർ പിന്നിട്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയോ തട്ടികൊണ്ടുപോയ കാറോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിനുശേഷമാണ് പൊലീസ് അന്വേഷണം സജീവമാക്കിയത്. പ്രധാന റോഡുകളിൽ പൊലീസ് പരിശോധന നടത്തുമ്പോഴും സംഘം ഓട്ടോയിൽ കറങ്ങിയത് വീഴ്ചയായി. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ആളുകളാണ് ഓയൂരുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലപരിചയമുള്ളതിനാലാണ് ഇവർക്ക് ഒളിച്ചു കടക്കാനായതെന്നും പൊലീസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയെ ഉപേക്ഷിച്ചശേഷം സംഘം പലവഴി പിരിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയുടെ അതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനാൽ സംഘം ജില്ല വിടാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ഇവർക്ക് ഒളിച്ചു താമസിക്കാൻ വീടു ലഭിച്ചതും, കുട്ടിയെ തിരികെ കൊണ്ടാക്കാൻ വാഹനം ലഭിച്ചതും കൂടുതൽപേരുടെ പങ്കിനെക്കുറിച്ച് സംശയമുണർത്തുന്നു.

English Summary:

Abigail's Abduction: Chilling Moments Before Kidnap Unveiled in Pallikal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com