കാഞ്ഞിരപ്പള്ളിയിൽ തടിലോറി കാറിനു മുകളിലേക്ക് മറിഞ്ഞു; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരൻ
Mail This Article
കാഞ്ഞിരപ്പള്ളി∙ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു തടിലോറി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്നയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊടുവന്താനം ശാന്തിനഗർ കൊല്ലപുരയിടം നജീബിനെ(55) നാട്ടുകാരും ഫയർഫോഴ്സും ചേർന്നു ഒരു മണിക്കൂറോളം സമയമെടുത്താണ് പുറത്തെടുത്തത്.
രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി –ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം. ആക്രിക്കട നടത്തുന്ന നജീബ് വീട്ടിലേക്കു പോകുന്ന വഴി കടയിൽനിന്ന് പാൽ വാങ്ങി കാറിലേക്കു കയറിയ ഉടനെയാണ്, ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിനു മുകളിലേക്കു മറിഞ്ഞത്. കാർ പൂർണമായി ലോറിക്കടിയിലായി.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നു ലോറിയിലെ കെട്ടഴിച്ച് തടി എടുത്തു മാറ്റിയാണ് നജീബിനെ പുറത്തെടുത്തത്. പരുക്കേറ്റ നജീബിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.