ADVERTISEMENT

മലപ്പുറം∙ നിലമ്പൂരിലെ 6 റോഡുകളുടെ ഉദ്ഘാടനം വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നിര്‍വഹിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം രാഹുല്‍ ഗാന്ധിയാണെന്ന് തീരുമാനിച്ചത് ആരാണെന്നും ഏത് പദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും മുഖ്യമന്ത്രി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിഎംജിഎസ് വൈ പദ്ധതി പ്രകാരം നിർമിച്ച റോഡുകള്‍ രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ഇന്നലെ പി.വി.അന്‍വർ എംഎൽഎ ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതി പ്രകാരം റോഡ് നിർമിക്കുബോൾ 40 ശതമാനം വിഹിതം സംസ്ഥാന സർക്കാരിന്‍റേതാണ്. എന്നാൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ സ്ഥലം എംഎൽഎയെ പരിഗണിച്ചില്ലെന്നാണ് അൻവർ ഉയർത്തുന്ന ആക്ഷേപം. ഇതേത്തുടര്‍ന്നാണ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചത്.

അതിനിടെ, ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉയര്‍ത്തി. കേന്ദ്രനിയമവുമായി പൊരുത്തക്കേടുണ്ടെങ്കിലേ രാഷ്ട്രപതിക്ക് അയക്കാനാവുകയുള്ളൂ. തീരുമാനം വൈകിപ്പിക്കാനാണ് ഗവര്‍ണര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. എട്ടുബില്ലുകള്‍ കൂടി ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിക്ക് ഗവര്‍ണര്‍ അര്‍ഹിക്കുന്ന ആദരം നല്‍കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യം താന്‍ വിധിക്ക് ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണറുടേത് നീരസത്തോടെയുള്ള അഭിപ്രായപ്രകടനമാണെന്നും പറഞ്ഞു.

കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കുട്ടിയുടെ സഹോദരനും മാധ്യമങ്ങളും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പൊലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങള്‍.

‘‘കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഞങ്ങളെല്ലാം ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. അന്വേഷണത്തിന്‍റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചു.

ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പൊലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പംനിന്നു കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയില്‍ നാം കൂടുതല്‍ ചര്‍ച്ച ചെയ്തത്.

വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary:

CM Pinarayi Vijayan Slams Rahul Gandhi on Inauguraion of Roads at Nilambur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com