രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വിഡിയോ; അന്വേഷണം വഴിമുട്ടി; മെറ്റ വിവരങ്ങൾ കൈമാറിയില്ല!
Mail This Article
ന്യൂഡൽഹി∙ തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വിഡിയോ പ്രചരിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനങ്ങൾ വിവരങ്ങൾ കൈമാറാൻ തയാറാകുന്നില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് എഐ വഴി വ്യാജ ഇൻസ്റ്റഗ്രാം റീൽ നിർമിക്കുന്ന ഒരു ലിങ്കിന്റെ വിശദാംശങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
നവംബർ 10നാണ് നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കറുപ്പ് വസ്ത്രം ധരിച്ച മറ്റൊരു യുവതിയുടെയായിരുന്നു യഥാർഥത്തിൽ വിഡിയോ. കേസിലെ പ്രതി, യുവതിയുടെ മുഖത്തിനു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസി(എഐ)ലൂടെ രശ്മിക മന്ദാനയുടെ മുഖം വിഡിയോയിൽ ചേർക്കുകയായിരുന്നു. വിശദാംശങ്ങൾ ആവശ്യപ്പെട്ട് മെറ്റ, ഗോ ഡാഡി തുടങ്ങിയവര്‍ക്കും അമേരിക്കൻ കമ്പനികൾക്കും പലതവണ കത്തുകൾ അയച്ചെങ്കിലും വിവരങ്ങൾ കൈമാറാൻ തയാറായില്ലെന്ന് സൈബർ സെൽ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വിഡിയോ പങ്കുവച്ച അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ മെറ്റ കൈമാറിയിട്ടുണ്ട്. എന്നാൽ ഡീപ്പ്ഫേക്ക് വിഡിയോ നിർമിക്കാൻ ഉപയോഗിച്ച യുആർഎൽ സംബന്ധിച്ച വിവരങ്ങൾക്ക് മറുപടി നൽകാൻ മെറ്റ ഇതുവരെ തയാറാകാത്തതാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ തടസമായത്.
‘കേസിലെ പ്രതി വിഡിയോ നിർമിച്ച സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനാൽ ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഞങ്ങൾ മെറ്റയോട് ആവശ്യപ്പെട്ടു. എന്നാൽ അക്കൗണ്ട് സംബന്ധിച്ച പഴയ വിവരങ്ങളാണ് അവർ കൈമാറിയത്. അവർ ഞങ്ങളോട് സഹകരിച്ചില്ല. അതുപോലെ തന്നെ ഗോഡാഡി.കോമിൽ ഒരു യുആർഎൽ ഞങ്ങൾ കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങൾ നൽകി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്തയച്ചു. ഈ യുആർഎലിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലില്ലെന്നായിരുന്നു കമ്പനി അധകൃതരുടെ മറുപടി.’– അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഡൽഹി പൊലീസിന്റെ ആരോപണങ്ങൾ മെറ്റ തള്ളി. തങ്ങൾ പൊലീസുമായി സഹകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഗോഡാഡി.കോം തയാറായിട്ടില്ല.