തീവ്ര പ്രകൃതിദുരന്തങ്ങൾ: പട്ടികയിൽ ഒന്നാമത് കേരളം; ഇടിമിന്നലിൽ മാത്രം 9 മാസത്തിനിടെ രാജ്യത്ത് 711 മരണം

Mail This Article
പത്തനംതിട്ട ∙ കഴിഞ്ഞ 9 മാസത്തിനിടെയുണ്ടായ തീവ്ര പ്രകൃതിദുരന്തങ്ങളുടെ കണക്കെടുത്താൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്ത പട്ടികയിൽ മുൻപന്തിയിൽ കേരളം ആണെന്നു പഠനം. ജനുവരി 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 235 ദിവസങ്ങളിൽ 67 ദിവസം കേരളം തീവ്രകാലാവസ്ഥയ്ക്കു സാക്ഷ്യം വഹിച്ചു. 60 പേർക്ക് ജീവഹാനി സംഭവിച്ചതായും പഠനം പറയുന്നു.
ദുബായിൽ ആരംഭിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തുവിട്ടതാണ് കണക്കുകൾ. ഇത് കാലാവസ്ഥാ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. മുൻപ് നൂറു കൊല്ലത്തിൽ ഒരിക്കൽ സംഭവിച്ചിരുന്ന വൻ പ്രകൃതിദുരന്തങ്ങൾ ഇപ്പോൾ നാലോ അഞ്ചോ വർഷത്തിനിടയിൽ ആവർത്തിക്കുകയാണ്. ഇത് പാവപ്പെട്ടവരെ അഭയാർഥികളാക്കുന്നു.
കഴിഞ്ഞ 9 മാസത്തിനിടെ ഇന്ത്യയിൽ തീവ്രപ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ലെന്നു പഠനം പറയുന്നു. ഇടിമിന്നലിൽ മാത്രം രാജ്യത്ത് 711 പേർ മരിച്ചു. ബിഹാറിലാണ് ഇത് ഏറ്റവും കൂടുതൽ. വിവിധ പ്രകൃതി ദുരന്തങ്ങളിലായി രാജ്യത്ത് ഏകദേശം 2,923 പേർക്കു ജീവഹാനി സംഭവിച്ചു. ഏകദേശം 18.4 ലക്ഷം ഹെക്ടറിലെ കൃഷിയെ ബാധിച്ചു.
മഴ, പ്രളയം, മിന്നൽ, താപതരംഗം, ഉരുൾപൊട്ടൽ തുടങ്ങി പല രൂപത്തിലാണ് പ്രകൃതി തിരിച്ചടിച്ചത്. എൺപതിനായിരം വീടുകൾ നശിച്ചു. 92,000 കന്നുകാലികളും നഷ്ടപ്പെട്ടു. സർക്കാർ തലത്തിൽ വേണ്ടത്ര ഡേറ്റ ഇല്ലാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടിയിരിക്കാനാണ് സാധ്യത.