ADVERTISEMENT

തിരുവനന്തപുരം∙ കൊലക്കേസിൽ കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി. വിചാരണ പൂര്‍ത്തിയായ കേസില്‍ കുറ്റക്കാരനാണോ അല്ലയോ എന്നതടക്കമുളള വിധി പറയാനിരിക്കെയാണ് പ്രതി മുങ്ങിയത്. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്. കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നേരിടുകയായിരുന്നു.

രാവിലെ ആറാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ അടിക്കാന്‍ പോയിരിക്കുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതി വീണ്ടും രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. പ്രതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെയാണ് (64) 2022 ജൂണ്‍ 17ന് ബൈജു വെട്ടി പരുക്കേല്‍പ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന ബൈജു കൊയ്ത്തൂര്‍ക്കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കമായി. സാധനം വാങ്ങാനെത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് ബൈജുവിനെ പ്രകോപിതനാക്കി.

കയ്യിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരുക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടുത്ത ദിവസം ഇബ്രാഹിം മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി.

English Summary:

Murder Case Accused Escaped, Without Hearing Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com