രക്ഷാ ദൗത്യം വിജയമായത് എല്ലാവരെയും വികാരഭരിതരാക്കി: തൊഴിലാളികളോട് സംസാരിച്ച് മോദി
Mail This Article
ന്യൂഡൽഹി∙ ഉത്തരകാശിയിലെ തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷപ്പെട്ട 41 തൊഴിലാളികളും മോദി സംസാരിക്കുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദച്ചു.
‘‘ഉത്തരകാശിയിലെ നമ്മുടെ സഹോദരൻമാർക്കായുള്ള രക്ഷാ ദൗത്യം വിജയകരമായത് എല്ലാവരെയും വികാരഭരിതരാക്കി. തുരങ്കത്തിൽ കുടുങ്ങിയ സഹോദങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സുഹൃത്തുക്കൾക്ക് സ്വന്തക്കാരെ കാണാൻ സാധിച്ചത് സംതൃപ്തി നൽകുന്നു. ഈ സമയത്ത് കുടുംബാംഗങ്ങൾ കാണിച്ച ധൈര്യവും ക്ഷമയും അഭിനന്ദിച്ചാൽ മതിയാകില്ല’’. –നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് സിൽക്യാര തുരങ്കത്തിനുള്ളിൽപെട്ട 41 തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തിയത്. തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനു പിറകെ ഒന്നായി 10 ഇരുമ്പു കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണു തൊഴിലാളികൾക്കു രക്ഷാവഴിയൊരുക്കിയത്.
80 സെന്റി മീറ്റർ വ്യാസമുള്ള രക്ഷാകുഴലിലൂടെ നിരങ്ങി അപ്പുറമെത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ തൊഴിലാളികളെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ കിടത്തി. പുറത്തുനിന്ന മറ്റു രക്ഷാപ്രവർത്തകർ കയറുപയോഗിച്ച് അവരെ വലിച്ചു പുറത്തെത്തിച്ചു. രാത്രി 8.45 ന് 41 പേരും പുറത്തെത്തി. കുടുംബാംഗങ്ങളും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ.സിങ്ങും ചേർന്ന് ഇവരെ സ്വീകരിച്ചു. ആദ്യ ദിനങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഏകോപനത്തിലുണ്ടായ വീഴ്ചകൾ മറികടന്നാണു ദൗത്യം വിജയത്തിലെത്തിയത്.