ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായാണ് 7 ബില്ലുകൾ ഒന്നിച്ചു രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. 

മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാതെ രണ്ടു വർഷമായി ഗവർണർ എന്തെടുക്കുകയായിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.

നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പഞ്ചാബ് ഗവർണറെ വിമർശിക്കുന്ന വിധി വായിക്കാൻ കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിക്കുകയും ചെയ്തു. ഇന്നലെ ഡൽഹിയിലേക്കു പോകാനിരുന്ന ഗവർണർ യാത്ര മാറ്റിവച്ചാണു ബില്ലുകളിൽ തീരുമാനമെടുത്തത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന 2 ബില്ലുകളും ഉൾപ്പെടെ നിയമസഭ പാസാക്കിയ 7 ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചത്. പൊതുജനാരോഗ്യ ബില്ലിനു ഗവർണർ അംഗീകാരം നൽകുകയും ചെയ്തിരുന്നു.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ബിൽ, ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കുന്നതിനുള്ള 2 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ, വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ബിൽ, പാൽ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർമാർക്കു വോട്ടവകാശം നൽകുന്നതിനുള്ള ബിൽ, ഹൈക്കോടതി നൽകുന്ന പാനലിൽ നിന്നു യൂണിവേഴ്സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്ജിയെ ഗവർണർ നിയമിക്കുന്നതിനു പകരം വിരമിച്ച ജഡ്ജിയെ സർക്കാർ നിയമിക്കുന്നതിനുള്ള 2 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ എന്നിവയാണ് രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.

English Summary:

Supreme Court Rebukes Governor Arif Khan Over Bill Delay, Urges Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com