‘തകർന്നതല്ല, വേലിയേറ്റ മുന്നറിയിപ്പിൽ അഴിച്ചു മാറ്റിയതാണ്’: ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിജിനെപ്പറ്റി റിയാസ്

Mail This Article
മലപ്പുറം∙ ചാവക്കാട് ബ്ലാങ്ങാട് ഫ്ലോട്ടിങ് ബ്രിജ് തകര്‍ന്നതല്ലെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയതാണെന്ന് മന്ത്രി വിശദീകരിച്ചു. മലപ്പുറത്ത് നവകേരള സദസ്സില്‍ സംസാരിക്കവെയാണ് വിശദീകരണം.
‘‘വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും ആക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ട് മുന്‍പോട്ട് പോകും. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബന്ധ പ്രചാരണങ്ങള്‍ നടത്തരുത്’’– മന്ത്രി പറഞ്ഞു.
ബ്ലാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിജ് തകരുകയും ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. നൂറു മീറ്റർ നീളത്തിലുള്ള ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നു. ഒരു സഞ്ചാരി വെള്ളത്തിൽ വീണെങ്കിലും മറ്റുള്ളവർ രക്ഷപ്പെടുത്തി.
ശക്തമായ തിരയിൽ ഇളകിപ്പോയ ഭാഗം ഏറെ പണിപ്പെട്ട് കഷണങ്ങളാക്കി തീരത്തേക്ക് കയറ്റി. അവധി ദിവസമല്ലാത്തതിനാൽ സന്ദർശകരുടെ തിരക്കില്ലായിരുന്നു. ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയിൽ ബീച്ച് ബ്രദേഴ്സ് ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്പനിയാണ് ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നത്. 80 ലക്ഷം രൂപ നിർമാണച്ചെലവായെന്നു പറയുന്നു. ഒരേ സമയം നൂറ് പേർക്ക് ബ്രിജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകൽപന. 100 മീറ്റർ കടലിലേക്ക് പാലത്തിലൂടെ നടക്കാവുന്ന വിധമാണിത്. തിരയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പാലത്തിൽ ഒരാൾക്ക് 120 രൂപയാണ് പ്രവേശന ഫീസ്.