‘തമിഴ്നാടും കേരളവും ഒരുപോലെ അനുഭവിക്കുന്നു; 2024ലും ഫാഷിസ്റ്റ് ശക്തികൾക്ക് തിരിച്ചടി നൽകണം’
Mail This Article
കണ്ണൂർ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ 2024ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികൾക്കു തമിഴ്നാടും കേരളവും ശക്തമായ തിരിച്ചടി നൽകണമെന്നു തമിഴ്നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഫെഡറൽ സംവിധാനത്തിനെതിരായാണു കേന്ദ്ര സർക്കാർ നീങ്ങുന്നത്. സംസ്ഥാനങ്ങൾ എന്തു ചെയ്യണമെന്ന് അവർ ആജ്ഞാപിക്കുകയാണ്. ഭരണം മോശമാക്കാൻ ലക്ഷ്യമിട്ടാണു ഗവർണർമാരെ അയയ്ക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്നാടും കേരളവും ഒരുപോലെ അനുഭവിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളും നയങ്ങളും തയാറാക്കാൻ അതതു സംസ്ഥാനങ്ങളെ അനുവദിക്കുന്ന തരത്തിലായിരിക്കണം കേന്ദ്ര സമീപനം. ഇത്, സാഹചര്യത്തിനനുസരിച്ചു മാറാൻ സംസ്ഥാനങ്ങളെ സഹായിക്കും.
നല്ല പദ്ധതികളും നയങ്ങളും പരസ്പരം കൈമാറാനും സംസ്ഥാനങ്ങൾക്കു സാധിക്കും. പരസ്പര സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറൽ സംവിധാനത്തിനും ഇതു സഹായകരമാണ്. നിർഭാഗ്യവശാൽ, കേന്ദ്രം ഇതല്ല ചെയ്യുന്നത്. അധികാരം കേന്ദ്രീകൃതമാക്കാനും നയങ്ങൾ അടിച്ചേൽപിക്കാനുമാണു കേന്ദ്രം ശ്രമിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ നിയോഗിക്കുന്നു. ബിജെപി അല്ലാത്ത സർക്കാരുകളുള്ള സംസ്ഥാനങ്ങളിലേക്ക് ഗവർണർമാരെ അയച്ച് ഭരണം മോശമാക്കാൻ ശ്രമിക്കുന്നു. തമിഴ്നാടിന്റെ ഉദാഹരണം വച്ചാണിതു പറയുന്നത്. കേരളത്തിലും ഇതേ അവസ്ഥയാണെന്നറിയാം’’– അദ്ദേഹം പറഞ്ഞു.