ADVERTISEMENT

മലപ്പുറം∙ കക്ഷി രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ ഇല്ലാതെ ഒരു ജനത ഒന്നാകെ നൽകിയ ഊഷ്മളമായ സ്വീകരണമായിരുന്നു നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. എന്താണോ ലക്ഷ്യമിട്ടിരുന്നത്, അത് ഉദ്ദേശിച്ചതിനേക്കാൾ ഫലപ്രദമായി നടപ്പാക്കാനാവുന്നു എന്നതാണ് ഓരോ ദിവസം പിന്നീടുമ്പോഴും  തെളിഞ്ഞുവരുന്ന അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘കൊച്ചിൻ സർവകലാശാലയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർഥിയായ വിനോദ്, മാഞ്ചീരി പെരിന്തൽമണ്ണയിൽ ചേർന്ന പ്രഭാത യോഗത്തിൽ എത്തിയത് തന്റെ ജീവിത ചുറ്റുപാടുകൾ മാറ്റിമറിക്കാനുള്ള ചില നടപടികൾ ആവശ്യപ്പെട്ടുകൊണ്ടാണ്. ചോലനായ്ക ആദിവാസി വിഭാഗത്തിൽനിന്നുള്ള ഉന്നത ബിരുദധാരിയാണ് വിനോദ്. ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നത്, വിളർച്ച പ്രശ്നത്തിന് പരിഹാരം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം തുടങ്ങിയ വിഷയങ്ങളാണ് വളരെ കൃത്യതയോടെ വിനോദ് അവതരിപ്പിച്ചത്. ഉന്നയിച്ച പ്രശ്നങ്ങളാകെ ഗൗരവമായി പരിശോധിക്കുമെന്നും വേണ്ട ഇടപെടൽ ഉണ്ടാവുമെന്നും യോഗത്തിൽ ഉറപ്പുനൽകി. 

നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗം പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള അനേകം വിഷയങ്ങളാണ് ചർച്ചചെയ്തത്. പെരിന്തൽമണ്ണയിലെ ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി.ശശികുമാർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കും. 

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് നന്നാക്കാൻ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ. കെ.പി.ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാംപസ് യാഥാർഥ്യമാക്കാൻ കേന്ദ സഹായം ആവശ്യമാണെന്നും ഇതിനു സംസ്ഥാന സർക്കാരിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും റോഡ് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നും മറുപടി നൽകി.

മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻ പുളിക്കലിന്റെ ആവശ്യം പരിശോധിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന അഡ്വ. സുജാതയുടെ അഭിപ്രായത്തോട് പ്രതികരിച്ച്, അത്തരം സങ്കീർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെടാറില്ലെന്ന് വ്യക്തമാക്കി. താനൂരിലെ നിർഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും അവരെ അറിയിച്ചു. 

നിലമ്പൂരിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, ഷോപ്പിങ് കേന്ദ്രങ്ങൾ, സൗന്ദര്യവൽകരണം, ബസ് സർവീസുകൾ, സഞ്ചാരികൾക്ക് താമസ സൗകര്യം, ടൂറിസം ഗൈഡ്, റബറൈസ്ഡ് റോഡുകൾ തുടങ്ങിയവ സജ്ജമാക്കണമെന്ന് ടൂറിസം സംരംഭകൻ ബിജു പോൾ ആവശ്യപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിക്കും. അനേകം ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.അബ്ദുൽ റഹ്മാൻ അഭ്യർഥിച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. വിഷയം പരിശോധിക്കും. 

കോളജുകളുടെ സമയക്രമം രാവിലെ എട്ടു മുതൽ 1.30 വരെയാക്കി വിദ്യാർഥികൾക്ക് പാർട്‌ടൈം തൊഴിലവസരം ഒരുക്കുക, സർക്കാർ കോളജുകളിൽ സ്വാശ്രയ കോളജുകളുടെ മാതൃകയിൽ നൂതന കോഴ്സുകൾ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ ടി.സ്നേഹ ആവശ്യപ്പെട്ടത്. കോളജുകളുടെ സമയക്രമം സംബന്ധിച്ച് മുൻമന്ത്രി ഡോ. കെ.ടി.ജലീലിന്റെ കാലത്തുതന്നെ നിർദേശം ഉയർന്നിരുന്നു. സമയക്രമം സംബന്ധിച്ച് എല്ലാവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ. ഇത്തരത്തിൽ സമയക്രമം മാറ്റുന്നതിലൂടെ മറ്റു കോഴ്സുകൾ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം ലഭിക്കും.

വണ്ടൂരിൽ റെയിൽവേ മേൽപ്പാലം, നടുവത്ത് കൂറ്റൻപാറയിൽ 14 ഏക്കർ ക്വാറിയായി പ്രവർത്തിച്ച ഇടം ടൂറിസം കേന്ദ്രമാക്കണം, വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനം ഒരുക്കണം, പട്ടികജാതി മേഖലയിൽ പട്ടയങ്ങൾ വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ പൊതുപ്രവർത്തകൻ മോഹൻദാസ് ഉന്നയിച്ചു. നിലമ്പൂർ- പെരുമ്പലാവ് റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കുക, പുലാമന്തോൾ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉന്നയിച്ചു.

ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരികൾ കഴിയുന്ന ഇടപെടലുകൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അഭ്യർഥിച്ചിരുന്നു. അതനുസരിച്ച് അൻപത് കുടുംബങ്ങളിൽ അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയതായി വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ അറിയിച്ചു’’– മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary:

CM Pinarayi Vijayan about the Nava Kerala Sadas tour in Malappuram district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com