97 യുദ്ധവിമാനങ്ങളും 156 ഹെലികോപ്റ്ററുകളും ഇന്ത്യൻ സേനയ്ക്ക് സ്വന്തമാകും; 1.1 ലക്ഷം കോടി അനുവദിച്ചു
Mail This Article
ന്യൂഡൽഹി∙ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാനും നിർമിക്കാനുമായി 1.1 ലക്ഷം കോടി രൂപയുടെ ഇടപാടുകൾക്ക് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും നിർമിക്കുന്നതിനാണ് അനുമതി. വിമാനങ്ങളും ഹെലികോപ്റ്ററുകളും തദ്ദേശീയമായാണ് നിർമിക്കുക.
തേജസ് മാർക്ക് 1–എ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കു വേണ്ടിയും ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുമാണു നിർമിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ തദ്ദേശീയ കമ്പനികൾക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ആയിരിക്കും ഇത്. അനുമതിയായെങ്കിലും കരാറുകളും തുകയും തമ്മിൽ അന്തിമ തീരുമാനത്തിലെത്തേണ്ടതുണ്ട്.
കരാറുകളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് സമയമെടുക്കും. എന്നാൽ വിദേശ കമ്പനികളുമായി കരാറിലേർപ്പെടുന്നതിനേക്കാൾ സമയം കുറവ് മതിയാകുമെന്നാണ് വിലയിരുത്തൽ. കരാറുകളിൽ അന്തിമ തീരുമാനം ആയാൽ ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കണം. വിമാനങ്ങളും ഹെലികോപ്റ്ററുകളും സൈന്യത്തിന്റെ ഭാഗമാകാൻ പത്ത് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.