ADVERTISEMENT

കൊല്ലം∙ ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് പരിശോധന വ്യാപിപ്പിക്കുന്നത്. ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഇതിനായി വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എൻ കോളജ് വിദ്യാർഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

പ്രതികൾ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചതായി തെളിഞ്ഞിട്ടും ഇതുവരെ യാതൊരു സൂചനയും ലഭിക്കാത്തത് പൊലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ച വാഹനം ഏതു വിധേനയും കണ്ടെത്താനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി കൊല്ലം റൂറൽ പൊലീസ് നോട്ടിസ് പുറത്തിറക്കിയത് ഈ പശ്ചാത്തലത്തിലാണ്. കെഎൽ 04-എഎഫ് 3239 നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം. വ്യാജ നമ്പർ പതിച്ച മാരുതി സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനങ്ങൾ 9497980211 ഫോണിൽ ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിച്ചു.

വീട്ടുകാരോ അവരുമായി ബന്ധമുള്ളവരോ നൽകിയ ക്വട്ടേഷനാണ് സംഭവത്തിനു പിന്നിലെന്നു സംശയിച്ചിരുന്ന പൊലീസ്, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയുണ്ടോ എന്ന അന്വേഷണത്തിലാണ്. ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ അന്നും അതിന്റെ തൊട്ടടുത്ത ദിവസങ്ങളിലുമെല്ലാം അതേ മേഖലയിൽനിന്ന് കൂടുതൽ കുട്ടികളെ തട്ടിയെടുക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണിത്. തട്ടിക്കൊണ്ടുപോകലുമായി കുടുംബത്തിനു ബന്ധമുണ്ടാകാമെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.

∙ ആശ്രാമം മൈതാനത്തെ ദുരൂഹത

പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുമ്പോഴും, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനവുമായി ബന്ധപ്പെട്ട ദുരൂഹതകളും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മൈതാനത്തെ കോൺക്രീറ്റ് ബെഞ്ചിൽ കുട്ടിയെ ഇരുത്തിയ ശേഷമാണു യുവതി അതിവിദഗ്ധമായി രക്ഷപ്പെട്ടത്; അതും തൊട്ടടുത്തു പൊലീസ് ഉണ്ടായിരിക്കെ. ഇതിലെ നാടകീയതയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മൈതാനത്തിന് അടുത്തുള്ള റോഡുകളിൽ പകൽ വാഹനങ്ങൾ ഒഴിയാറില്ല. എപ്പോഴും ആൾത്തിരക്കുള്ള, പിങ്ക് പൊലീസ് അടക്കമുള്ള സുരക്ഷാ സംഘം ചുറ്റിത്തിരിയുന്ന ഈ സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ച്  യുവതി കടന്നത്. 

പൊലീസിന്റെ കണ്ണിൽപ്പെടാതെ യുവതി ഇവിടെ എത്തിയത് ദുരൂഹമാണ്. നീല നിറമുള്ള കാറിലാണ് തന്നെ കൊണ്ടു വന്നതെന്നാണ് കുട്ടി നൽകിയ മൊഴി. പൊലീസിന്റെ കണ്ണുവെട്ടിച്ച് അവശനിലയിലുളള കുട്ടിയുമായി യുവതി എങ്ങനെ തിരക്കുള്ള ഈ മേഖലയിൽ എത്തിയെന്നതാണ് അവിശ്വനീയം. ഒരുപക്ഷേ ഇതിനു പിന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശ്രാമം മൈതാനത്തിന്റെ മറ്റു ഭാഗങ്ങളിൽ എവിടെയാണെങ്കിലും പൊലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധ എത്തേണ്ടതാണ്. ഈ സ്ഥലം തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്നതിലും സംശയമുണ്ട്.

കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന സമയത്തോട് അനുബന്ധിച്ച് പൊലീസിന്റെ രണ്ടു വാഹനങ്ങൾ അതുവഴി കടന്നു പോയെന്നാണ് ദൃക്സാക്ഷികളിൽ ചിലർ പറയുന്നത്. കുട്ടിയെ കണ്ടെത്തി മിനിറ്റുകൾക്കുള്ളിൽ മഫ്തിയിലുള്ള പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും അവിടെ എത്തി. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശിക നേതാക്കൾ അടക്കം നൂറുകണക്കിനു പേരും ഈ സമയം മൈതാനത്ത് ഉണ്ടായിരുന്നു. ഇങ്ങനെ പൊലീസിന്റെയും നാട്ടുകാരുടെയും കർശന നിരീക്ഷണവും സാന്നിധ്യവും ഉണ്ടായിരുന്നിടത്തു നിന്നു യുവതി ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപെട്ടുവെന്നത് വിശ്വസിക്കാൻ ആരും തയാറല്ല.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു കുട്ടിയുമായി യുവതി ഓട്ടോറിക്ഷയിൽ കയറിയെന്നാണു പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇതു സാധൂകരിക്കുന്ന ദൃശ്യങ്ങളൊന്നും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ആർക്കും കൈമാറരുതെന്നു ഇവിടുത്തെ സ്ഥാപനങ്ങൾക്കു പൊലീസ് കർശന നിർദേശം നൽകിയതും ദുരൂഹം.

∙ രാത്രി തങ്ങിയ ആ ‘വലിയ വീട്’

ആറു വയസ്സുകാരിക്കായി പൊലീസും നാട്ടുകാരും മാധ്യമങ്ങളും നാടു മുഴുവൻ അന്വേഷമം നടത്തുമ്പോൾ, അന്നു രാത്രി സംഘം രാത്രി തങ്ങിയത് കൊല്ലം നഗരത്തോടു ചേർന്നെന്നു വിവരം. തിങ്കൾ വൈകിട്ട് കുട്ടിയെ തട്ടിയെടുത്തു സന്ധ്യയോടെ ദേശീയപാതയിലൂടെ കൊല്ലം നഗരത്തിലേക്കു കടന്നുവെന്നാണു ലഭ്യമാകുന്ന വിവരം. നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള വീട്ടിലാകാം തങ്ങിയതെന്നാണ് സംശയം. കുട്ടിയെ തട്ടിയെടുത്ത ഓയൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പകൽക്കുറിയിൽ നിന്ന് വേളമാനൂർ, കല്ലുവാതുക്കൽ, ചിറക്കര, ഉളിയനാട് തേമ്പ്ര വഴി  6.20 ന്  കോതേരി ജംക്‌ഷന് സമീപം എത്തിയ കാർ 6.21ന് കോതേരി ജംക്‌ഷനിൽ നിന്നു ദേശീയപാതയിലേക്കുള്ള ചാത്തന്നൂർ റോഡിലേക്ക് തിരിയുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. 

കോതേരി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീനഗർ ജംക്‌ഷനിൽ ഒരു മണിക്കൂർ കഴിഞ്ഞാണ് സ്വിഫ്റ്റ് കാർ എത്തിയത്. പിന്നീട്  കെഎസ്ആർടിസി ഡിപ്പോ റോഡിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനിടയിൽ ഒരു യുവാവ് രണ്ടു തവണ ബൈക്കിൽ കോതേരി ഭാഗത്ത് നിന്നു ശ്രീനഗർ ജംക്‌ഷൻ വരെ എത്തുകയും മടങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. ആദ്യ തവണ ശ്രീനഗർ ജംക്‌ഷനിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ കോൾ വരുകയും ഇതി‍ൽ സംസാരിച്ച ശേഷം മടങ്ങിപ്പോവുകയും ആയിരുന്നു.

ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലൂടെ ദേശീയപാതയിൽ കയറിയ സംഘം കൊല്ലത്ത് എത്തിയിരിക്കാനാണ് സാധ്യത. റോഡ് വികസനം നടക്കുന്നതിനാൽ ദേശീയപാതയിൽ സിസിടിവികൾ പ്രവർത്തിക്കുന്നില്ല. നഗരത്തിലെ വീട്ടിൽ കുട്ടിയെ ഒളിപ്പിച്ച സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് കുട്ടിയെ കൊണ്ടുവന്നു ആശ്രാമത്ത് ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നു.

English Summary:

Kollam Girl's Abduction: Investigation Intensifies with CCTV and Eyewitness Clues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com