വിധി കേൾക്കാതെ മദ്യപിക്കാനായി ‘മുങ്ങി’; പ്രതിക്ക് കൊലക്കേസിൽ പതിനേഴര വർഷം കഠിനതടവ്
Mail This Article
തിരുവനന്തപുരം ∙ കൊലക്കേസിൽ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക്, ഒടുവിൽ പതിനേഴര വർഷം കഠിനതടവു വിധിച്ച് കോടതി. പോത്തൻകോടു കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (പൊമ്മു–40) കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച നിലയിലായിരുന്നതിനാൽ ഇന്നലത്തെ വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. അമ്പലത്തിൽ തേങ്ങ ഉടയ്ക്കാൻ പോയെന്നായിരുന്നു കോടതിയിൽ അഭിഭാഷകന്റെ മറുപടി.
കൊലക്കേസിൽ കോടതി വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അറസ്റ്റു ചെയ്ത് ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെ. വിധിക്കു മുൻപായി മദ്യപിക്കാൻ പോയെന്നായിരുന്നു വിശദീകരണം. തുടർന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂർക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂൺ 17 നു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബൈജുവിനെതിരായ കേസ്. മദ്യലഹരിയിലായിരുന്ന പ്രതി കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പണം നൽകാതെ തർക്കിച്ചെന്നും ഇബ്രാഹിം ഇടപെട്ടു സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കിയെന്നുമാണ് കേസ്. ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണു കേസ് പരിഗണിച്ചത്.
കേസ് രണ്ടു തവണ കൂടി കോടതി പരിഗണിച്ചപ്പോഴും പ്രതി എത്താഞ്ഞതിനെത്തുടർന്നായിരുന്നു വാറണ്ട്. ജാമ്യത്തിലാണു പ്രതി വിചാരണ നേരിട്ടത്. എം.സലാഹുദീനായിരുന്നു കേസിൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ.