ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഹർജി നൽകിയ ഡൽഹി സർക്കാരിന് ഉത്തരവ് കനത്ത തിരിച്ചടിയായി.

ചീഫ് സെക്രട്ടറി നരേഷ് കുമാർ ഇന്നു സർവീസിൽ നിന്നു വിരമിക്കാനിരിക്കേയാണ് ആറു മാസത്തേക്കു കൂടി കാലാവധി നീട്ടിനൽകുന്നത്. ഭരണപരമായ കാര്യങ്ങളുടെ തുടർച്ചയ്ക്കാണ് കാലാവധി നീട്ടുന്നതെന്നാണ് കേന്ദ്ര സർക്കാർ വാദിച്ചത്.
ഡൽഹിയിലെ പൊലീസ്, പൊതുഭരണം, ഭൂമി എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ചുമതലയുള്ള ചീഫ് സെക്രട്ടറിയുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

ചീഫ് സെക്രട്ടറിയുടെ നിയമനം ഡൽഹി സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള ചട്ടങ്ങൾ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാൽ, ഡൽഹിയിലെ അധികാരവുമായി ബന്ധപ്പെട്ട് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നടപടികളെ ഈ ഉത്തരവ് ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിക്കു കാലാവധി നീട്ടി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിച്ചിരുന്നു. വേറെ ഐഎഎസ് ഉദ്യോഗസ്ഥരൊന്നും ഇല്ലാത്തതു കൊണ്ടാണോ ഒരു ഉദ്യോഗസ്ഥനെ മാത്രം കേന്ദ്ര സർക്കാർ ആശ്രയിക്കുന്നതെന്നാണ് കോടതി ചോദിച്ചത്.

കാലാവധി നീട്ടികൊടുക്കുന്നതിലും പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി സർക്കാർ ഹർജി നൽകിയത്. കോടതിയുടെ ഉത്തരവ് രാഷ്ട്രീയമായി എഎപിക്ക് തിരിച്ചടിയാണ്. മദ്യനയ അഴിമതിക്കേസിൽ എഎപിയുടെ പ്രമുഖ നേതാക്കളെയും ഡൽഹി സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി ലഫ്. ഗവർണർക്കു റിപ്പോർട്ട് നൽകിയത് നരേഷ് കുമാറാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരെ അറസ്റ്റു ചെയ്തത്. പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി എഎപിയും രംഗത്തെത്തിയിരുന്നു.

അതിവേഗ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ ചീഫ് സെക്രട്ടറിയുടെ മകൻ ഇടപെട്ട് സ്വകാര്യ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയതായാണ് പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളും മന്ത്രി അതിഷിയും ഈയിടെ ആവശ്യപ്പെട്ടിരുന്നു.

English Summary:

Naresh Kumar to continue: setback for AAP; Supreme Court's approval to extend the term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com