2 ഭാര്യമാർ, 9 മക്കൾ, 6 കാമുകിമാർ, ആഡംബര ജീവിതം; സമൂഹമാധ്യമതാരം തട്ടിപ്പിന് അറസ്റ്റിൽ
Mail This Article
ലക്നൗ ∙ സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന യുവാവ് തട്ടിപ്പുകേസുകളിൽ അറസ്റ്റിലായതോടെ വെളിപ്പെട്ടതു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണു (41) ഉത്തർപ്രദേശിലെ ലക്നൗ സരോജിനി നഗറിലെ ഹോട്ടലിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
ആറാം ക്ലാസിൽ പഠനം നിർത്തിയ അജീത്, സമൂഹമാധ്യമങ്ങളിൽ റീൽസ് തയാറാക്കിയാണു താരമായത്. ഇയാൾക്ക് 2 ഭാര്യമാരും 9 കുട്ടികളും 6 കാമുകിമാരുമുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണു തട്ടിപ്പുകള്‍ നടത്തിയതെന്നാണു നിഗമനം. ഒരു ഭാര്യയോടൊപ്പം വിദേശത്തേക്കു പോകാനിരിക്കെയാണ് ഇയാളെ പിടികൂടിയത്.
വ്യാജ കറൻസി പ്രചരിപ്പിക്കല്‍, പണം ഇരട്ടിപ്പിക്കല്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകൾ അജീത്തിനെതിരെയുണ്ട്. പണം ഇരട്ടിപ്പിക്കാമെന്നു പറഞ്ഞ് 3 ലക്ഷം രൂപ തട്ടിയെടുത്തെന്നു ധര്‍മേന്ദ്ര കുമാര്‍ എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ കെട്ടിടങ്ങളിൽ പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചുള്ള ഫാൾസ് സീലിങ് ജോലിയിൽ ശോഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു.
‘‘2000ൽ മുംബൈയിൽ ഇയാൾ സംഗീത എന്ന യുവതിയെ വിവാഹം ചെയ്തു. ദമ്പതികൾക്ക് 7 മക്കളുണ്ട്. 2010ൽ ജോലി നഷ്ടപ്പെട്ടതോടെ ഗോണ്ടയിലെ ഗ്രാമത്തിലേക്കു മടങ്ങി. അവിടെയും മെച്ചപ്പെട്ട ജീവിതം സാധ്യമാകാതെ വന്നപ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചു. 2016ൽ മോഷണത്തിനാണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. 2 വർഷത്തിനു ശേഷം സുശീല എന്ന യുവതിയെ കണ്ടുമുട്ടുകയും പുതിയ സാമ്പത്തിക തട്ടിപ്പുകൾക്കു കളമൊരുക്കുകയും ചെയ്തു. 2019ൽ ഇരുവരും വിവാഹിതരായി.
രണ്ടാമത്തെ ഭാര്യയിൽ അജീത്തിന് 2 മക്കളുണ്ട്. ഇവർ ആഡംബര ജീവിതമാണു നയിച്ചിരുന്നത്. രണ്ട് ഭാര്യമാർക്കും മക്കൾക്കുമായി അജീത് രണ്ട് വീടുകള്‍ നിര്‍മിച്ചിരുന്നു. എന്നാൽ വാടക വീട്ടിലാണു മിക്കപ്പോഴും അജീത് താമസിച്ചിരുന്നത്. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം രണ്ടു ഭാര്യമാർക്കും തുല്യമായി വീതിച്ചു നൽകി. ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ്, സമൂഹമാധ്യമങ്ങളിലൂടെ വലവിരിച്ച് ഇയാൾ 6 യുവതികളെ കാമുകിമാരാക്കിയതു വെളിപ്പെട്ടത്. ഇവരോടൊപ്പമായിരുന്നു ദീര്‍ഘയാത്രകൾ.’’– പൊലീസ് പറഞ്ഞു.