സർക്കാരിന്റേത് അനാവശ്യ ഇടപെടൽ; ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങി: വിധി പ്രസ്താവത്തില്‍ രൂക്ഷവിമർശനം
Mail This Article
ന്യൂഡല്‍ഹി∙ ഇന്നലത്തെ സുപ്രീം കോടതി വിധി ഗവര്‍ണര്‍ക്കാണ് ഏറ്റതെങ്കില്‍ ഇന്നത്തെ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമന പ്രക്രിയയെ ദുഷിപ്പിച്ചുവെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. നിയമനത്തിന് ആദ്യഘട്ടത്തില്‍ കൂട്ടുനിന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പക്ഷേ, പുനര്‍നിയമന നടപടി മുന്നോട്ടു വച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണെന്ന് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നും ഇതു സംബന്ധിച്ച് നിയമോപദേശം തേടണമെന്ന് ആവശ്യപ്പെട്ടെങ്കിലും എജിയുടെ ഉപദേശം ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ഹര്‍ജി പരിഗണിക്കവെ നാലു വിഷയങ്ങളാണ് പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നു വിഷയങ്ങളില്‍ കോടതി സര്‍ക്കാരിനൊപ്പം നിന്നു. (1) കൃത്യമായ കാലപരിധി നിര്‍ണിയിച്ച പദവിയില്‍ പുനര്‍നിയമനം സാധ്യമോ? (2) കണ്ണൂര്‍ സര്‍വകലാശാല ആക്ട് പ്രകാരം 60 വയസ്സ് പ്രായപരിധിയെന്നത് നാലുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്കുമ്പോള് പാലിക്കേണ്ടതുണ്ടോ? (3) പുനര്‍നിയമനവും വിസിയെ തിരഞ്ഞെടുക്കുന്ന സെലക്ഷന് പാനല്‍ പോലുള്ള നടപടിക്രമങ്ങള്‍ പാലിച്ചു വേണ്ടതുണ്ടോ? (4) ചാന്‍സര്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങിയോ? ഇതില്‍ മറുപടിയായി കോടതിക്കു ലഭിച്ചത് (1) പുനര്‍നിയമനം സാധ്യമാണെന്നും (2) പുനര്‍നിയമനത്തിന് 60 വയസ്സ് പ്രായപരിധി പരിഗണിക്കേണ്ടെന്നും (3) പുനര്‍നിയമനം പുതിയതായി തിരഞ്ഞെടുക്കുന്നതുപോലെ കണക്കാക്കേണ്ടതില്ല എന്നുമായിരുന്നു.
എന്നാല്‍ നാലാം ചോദ്യത്തിന് ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങിയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് പര്‍ദിവാലയാണ് വിധിപ്രസ്താവം വായിച്ചത്. വിസിയുടെ യോഗ്യതയെക്കുറിച്ചല്ല പറയുന്നതെന്നും പുനര്‍നിയമനത്തിന്റെ രീതി ചട്ടവിരുദ്ധമാണെന്നുമാണ് വ്യക്തമാക്കിയത്. ഈ തീര്‍പ്പിലേക്ക് എത്തിയതിനു പിന്നില്‍ സംസ്ഥാന രാജ്ഭവന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പും പരിഗണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. പുനര്‍നിയമന നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയുമാണെന്നായിരുന്നു രാജ്ഭവന് നേരത്തേയിറക്കിയ പത്രക്കുറിപ്പ്.