ADVERTISEMENT

ഹാസൻ∙ കർണാടകയിലെ ഹാസൻ ജില്ലയിൽ സ്‌കൂൾ അധ്യാപികയെ മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി. രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 23 വയസ്സുള്ള അർപിതയെ ആണ് തട്ടിക്കൊണ്ടുപോയത്. അവർ ജോലി ചെയ്യുന്ന സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. എസ്‌യുവിയിലെത്തിയ സംഘം അർപിതയുടെ സമീപത്തുവച്ച് വാഹനം നിർത്തി, ബലംപ്രയോഗിച്ച് വാഹനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു. 

മകളെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ബന്ധു രാമുവിന് പങ്കുണ്ടെന്ന് അർപിതയുടെ അമ്മ ആരോപിച്ചതായി പൊലീസ് പറഞ്ഞു. നാലു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. അന്വേഷണത്തിന് മൂന്നു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാ കോണുകളിലും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് നാട്ടുകാരോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.

‘‘അവർ സ്‌കൂളിൽ ജോലി ചെയ്യുകയായിരുന്നു. അവധിയായിരുന്ന ദിവസമാണ് അവരെ തട്ടിക്കൊണ്ടുപോയത്. എന്തിനാണ് സ്കൂൾ അവധിയായിരുന്നപ്പോൾ അവർ സ്കൂളിലേക്ക് പോയത്?. മറ്റെന്തെങ്കിലും പരിപാടികൾ ഉണ്ടായിരുന്നോ?  ഇതെല്ലാം ഞങ്ങൾ അന്വേഷിക്കുകയാണ്’’– ഹാസൻ പൊലീസ് മേധാവി മുഹമ്മദ് സുജീത പറഞ്ഞു. കവിയും തത്ത്വചിന്തകനുമായ കനകദാസന്റെ ജന്മദിനത്തോടനുബന്ധിച്ച് (കനകദാസ ജയന്തി) കർണാടകയിലെ സ്‌കൂളുകൾക്ക്  അവധിയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളിൽ, ഒരാൾ റോഡിലൂടെ നടക്കുന്നതുകാണാം. അതിനിടെ, അർപിത ഇടവഴിയിൽ നിന്ന് റോഡിലേക്ക് വരുന്നു. ഈ സമയത്ത്, ഒരു എസ്‌യുവി പതുക്കെ അവരുടെ അടുത്തേക്ക് വരുന്നതും കാണാം. പിന്നാലെ, വാഹനത്തിനടുത്തേക്ക് ഒരാൾ ഓടിയെത്തുന്നു. ഇയാളും റോഡിൽ നടക്കുകയായിരുന്ന ആളും ചേർന്ന് അർപിതയെ പിടിച്ച് ബലം പ്രയോഗിച്ച് വാഹനത്തിനുള്ളിലേക്ക് കയറ്റുന്നു. വാഹനം കടന്നുപോകുന്നു. ഇതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

English Summary:

Teacher Grabbed, Pushed Into SUV In Daylight Karnataka Kidnapping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com