തെലങ്കാനയിൽ 63.94 ശതമാനം പോളിങ്; വിവിധ സ്ഥലങ്ങളിൽ ബിആർഎസ് – കോൺഗ്രസ് സംഘർഷം

Mail This Article
ഹൈദരാബാദ്∙ കോൺഗ്രസും ബിആർഎസും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ മികച്ച പോളിങ്. വൈകുന്നരം അഞ്ചു മണിവരെ 63.94 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പു പുരോഗമിക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ബിആർഎസ് – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സ്ഥാനാർഥിയുമായ രേവന്ത് റെഡ്ഡിയുടെ സഹോദരൻ കൊണ്ടൽ റെഡ്ഡിയെ പോളിങ് ബൂത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ബിആർഎസ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.
ദക്ഷിണേന്ത്യയിൽ പാർട്ടി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി തെലങ്കാന മാറുമെന്ന് കോൺഗ്രസ് കരുതുമ്പോൾ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ ബിആർഎസ്.
ബിആർഎസ് നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ദവ് പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുന്‍, ജൂനിയർ എൻടിആർ തുടങ്ങിയവരും രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
മുൻ ക്രിക്കറ്റ് താരവും ജൂബിലി ഹിൽസ് കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ മുഹമ്മദ് അസറുദ്ദീനും ഹൈദരാബാദില്‍ വോട്ട് ചെയ്തു. ‘സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്മാരുടെയും കടമയാണ്. വോട്ട് ചെയ്യാത്തവർക്ക് ചോദ്യം ചെയ്യാനും അധികാരമില്ല.’– അസറുദ്ദീൻ പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഹൈദരാബാദിലെ ജൂബിലിഹിൽസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഒാസ്കർ ജേതാവും സംഗീത സംവിധായകനുമായ എം.എം. കീരവാണി ആവശ്യപ്പെട്ടു.