ADVERTISEMENT

മുംബൈ∙ ഗോരേഗാവിലെ റോയൽ പാംസ് ഹോട്ടലിൽ താമസിക്കാന്‍ ജമ്മു കശ്മീരിലെ കോളജുകളിൽ നിന്നെത്തിയ 500 ഓളം പെൺകുട്ടികൾക്കു ദുരനുഭവം. മുറികൾ വൃത്തിഹീനവും ദുർഗന്ധം വഹിക്കുന്നതും ആയിരുന്നുവെന്ന് മാത്രമല്ല, ജീവനക്കാരന്റെ ഫോണിൽ സ്‌ത്രീകളുടെ നഗ്നചിത്രങ്ങളും കണ്ടെത്തി. ഇതു കുട്ടികളിൽ ആശങ്കയുണ്ടാക്കി.

ജമ്മുവിലെ കത്രയിൽ നിന്നുള്ള 800 ഓളം വിദ്യാർഥികളാണ് മുംബൈയിലെത്തിയത്. നവംബർ 19ന് ജ്ഞാനോദയ എക്‌സ്‌പ്രസിൽ യാത്ര തുടങ്ങിയ അവർ അഞ്ചു ദിവസത്തിന് ശേഷമാണ് മുംബൈയിലെത്തിയത്. ഗോരേഗാവിലെ റോയൽ പാംസ് ഹോട്ടലിൽ 500 വിദ്യാർഥികളെ താമസിപ്പിച്ചു. മറ്റുള്ളവരെ സാകി നാക്കയിലെ ഹോട്ടലിലും. എല്ലാ വിദ്യാർഥികൾക്കും റോയൽ പാംസിലാണ് അത്താഴം ക്രമീകരിച്ചിരുന്നത്. 

മുറികൾ ദുർഗന്ധമുള്ളതായിരുന്നുവെന്നും കിടക്കവിരികളിൽ അഴുക്കുണ്ടായിരുന്നുവെന്നും ഇത് വിദ്യാർഥികളെ അങ്ങേയറ്റം അസ്വസ്ഥരാക്കിയെന്നും വിദ്യാർഥികളോടൊപ്പമുണ്ടായിരുന്ന പ്രഫ. രാജേഷ് സിങ് പറഞ്ഞു. ഓൺലൈനിൽ റിവ്യൂ തിരഞ്ഞ വിദ്യാർഥികൾ, ഹോട്ടലിലെ സെക്‌സ് റാക്കറ്റ് വേട്ടയെക്കുറിച്ചുള്ള വാർത്ത കണ്ടും ഞെട്ടി. 

800 പേർക്കായിരുന്നു അത്താഴം നൽകേണ്ടിയിരുന്നത്. പക്ഷേ 100 പേർക്ക് മാത്രമായിരുന്നു ടേബിൾ ക്രമീകരണം ഉണ്ടായിരുന്നത്. അത്താഴം കഴിക്കുന്നതിനിടെ, 20-25 മിനിറ്റ് ലൈറ്റ് പോയി. വൈദ്യുതി പോയതാണെന്നാണ് വിദ്യാർഥികൾ ആദ്യം കരുതിയിരുന്നത്. എന്നാൽ, ‘നിഗൂഢ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട’ അതിഥികൾക്കായി ലൈറ്റുകൾ ഓഫ് ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥികൾ കണ്ടെത്തി. 

തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. ഇതിനിടെ, ഒരു ജീവനക്കാരൻ തർക്കം ഫോണിൽ റെക്കോർഡ് ചെയ്തു. അയാളുടെ ഫോൺ വിദ്യാർഥികൾ തട്ടിപ്പറിച്ചു നോക്കിയപ്പോൾ അതിൽ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. ഹോട്ടലുകാർ കിടക്ക വാഗ്ദാനം ചെയ്തെങ്കിലും വിദ്യാർഥികൾ, ഇടനാഴിയിൽ ഉറങ്ങാൻ തീരുമാനിച്ചു. കഠിനമായ അനുഭവമായിരുന്നുവെന്നും രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ലെന്നും രാജേഷ് സിങ് പറ‍ഞ്ഞു.

റോയൽ പാംസിന്റെ ഉടമകളിലൊരാളായ ദിലാവർ നെൻസിക്ക് ഫോൺ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. ഐആർസിടിസിയും ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ചാണ് വിദ്യാർഥികളുടെ യാത്ര നടപ്പിലാക്കിയത്. 4.8 കോടി രൂപ ചെലവഴിച്ച് ജമ്മു കശ്മീർ സർക്കാരാണ് യാത്രയ്ക്ക് ധനസഹായം നൽകുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഐആർസിടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സീമ കുമാർ പറഞ്ഞു. ‘‘ഞങ്ങൾ അന്വേഷണം ആരംഭിച്ചു. കരാറുകാരന് മാത്രമല്ല, ഞങ്ങളുടെ ജീവനക്കാർക്കെതിരെയും കർശന നടപടിയെടുക്കും’’– സീമ കുമാർ പറഞ്ഞു. 

English Summary:

Tour of 500 J&K college students ends in nightmare at Mumbai Hotel; Hotel reviews mention sex racket, nude photos found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com