‘കാർ പുറത്തിറക്കാൻ പേടിയായി, വിനോദയാത്ര പോലും ഉപേക്ഷിച്ചു’; കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിൽ കുരുങ്ങി ബിമലും

Mail This Article
കൊല്ലം ∙ ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പ്രതികൾ കാറിൽ ഉപയോഗിച്ച വ്യാജ നമ്പറിന്റെ യഥാർഥ ഉടമ വീട്ടിൽനിന്നു പുറത്തിറങ്ങാനാവാതെ കുടുങ്ങി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പറായ കെഎൽ 04 എഎഫ് 3239 എന്നതിന്റെ യഥാർഥ ഉടമ മലപ്പുറം എടവണ്ണ സ്വദേശി ബിമൽ സുരേഷാണ്. കേസിൽ നിരപരാധിയാണെങ്കിലും ഈ കാറുമായി തനിക്കു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നു ബിമൽ പറയുന്നു.
‘‘കുട്ടിയെ കാണാതായ ദിവസം പുലർച്ചെ മൂന്നര– നാലു മണിക്കാണു പൊലീസ് വീട്ടിലെത്തിയതും വാഹനത്തിന്റെ രേഖകൾ പരിശോധിച്ചതും. പൊലീസിനെ കണ്ടപ്പോൾ പേടിച്ചു. കൊല്ലത്തു പോയിരുന്നോ എന്നാണ് അവർ ചോദിച്ചത്. വാഹനം അപകടത്തിൽപ്പെട്ടെന്നും പറഞ്ഞപ്പോൾ ആശങ്കയായി. കുട്ടിയെ കാണാതായതു വാർത്തകളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ഈ കാറിന്റെ നമ്പർ ഉപയോഗിക്കപ്പെട്ടതു മനസ്സിലായില്ല. ചാനലുകളിലെല്ലാം ഈ നമ്പർ ഫ്ലാഷ് പോയതോടെ പിന്നെ കാറുമായി പുറത്തേക്കിറങ്ങാൻ ഭയമായി.
കൊല്ലത്തെ കാറിന്റെ നമ്പർ വ്യാജമാണെന്ന വിശദീകരണ വാർത്ത വന്നതോടെയാണ് ഇന്നലെ കാറുമായി പുറത്തിറങ്ങിയത്. കേരളത്തിനു പുറത്തു കാറിൽ വിനോദയാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ വാർത്തകൾ പ്രചരിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കാർ ഇറക്കിയാൽ വഴിയിൽ ആരെങ്കിലും തടയാൻ സാധ്യതയുണ്ടെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കാർ ഉപയോഗിച്ചോളാൻ പൊലീസ് പറഞ്ഞെങ്കിലും വഴിയിൽ നാട്ടുകാർ തടഞ്ഞു വയ്ക്കുമോയെന്നു പേടിയുണ്ടായിരുന്നു. എന്റെ ഫോണിലേക്കു മാത്രമല്ല, ഭാര്യയുടെയും അമ്മയുടെയും നമ്പരിലേക്കു പൊലീസിൽനിന്നാണെന്ന് പറഞ്ഞ് പലരും വിളിക്കുന്നുണ്ട്.
തിരക്കുള്ള ആയുർവേദ ഡോക്ടറാണ് അമ്മ. ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ ഡ്രൈവറെ വച്ച് അമ്മയാണ് വാഹനം ഉപയോഗിക്കുന്നത്. കുടുംബവുമായി വിനോദയാത്ര പോകാനാണു ഞാൻ കൂടുതലും കാർ ഉപയോഗിക്കുക’’– ബിമൽ മനോരമ ന്യൂസിനോടു പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച അതേ മോഡല്‍ വെള്ള കാറാണു ബിമലിന്റേതും. ഖത്തറിൽ ജോലിചെയ്യുന്ന ബിമല്‍ അവധിക്കു വന്നപ്പോഴായിരുന്നു ഈ സംഭവങ്ങളെല്ലാം.