ADVERTISEMENT

തിരുവനന്തപുരം∙ കോടതി ഉത്തരവുകൾ കാറ്റിൽപറത്തിയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിയമസഭ പാസാക്കിയ ബില്ലുകൾ ഏറെക്കാലം പിടിച്ചുവച്ചശേഷം രാഷ്ട്രപതിക്ക് അയച്ച നടപടിയെ വിമർശിച്ചാണ് ഇക്കാര്യം പറഞ്ഞത്. 

‘‘സാധാരണ നിലയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് ചെയ്യാവുന്നത്. ഒന്നുകിൽ ഒപ്പിടാം, പിടിച്ചുവയ്ക്കാം, അല്ലെങ്കിൽ രാഷട്രപതിക്കയയ്ക്കാം. ബില്ലുകൾ അനന്തമായി പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ, പാസാക്കുന്ന ബില്ലുകൾ നിയമമാക്കാതിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ബില്ലുകൾ തടഞ്ഞുവച്ചാൽ എത്രയും വേഗം അക്കാര്യം നിയമസഭയെ അറിയിക്കണമെന്നാണ് കോടതി പറഞ്ഞത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഫലപ്രദമായി ഇടപെട്ട് മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്കരണത്തിന്റെ ഭാഗമായി  ഗവർണർ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത്. ഗവർണർക്ക് പഴയതു പോലെ രാഷ്ട്രീയപ്രവർത്തനമാണ് നല്ലത്’’– ഗോവിന്ദൻ പറഞ്ഞു. 

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2 വർഷം കാത്തിരുന്നതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തീരുമാനം കാത്തുകിടന്ന 8 ബില്ലുകളിൽ ഏഴും ഗവർണർ രാഷ്ട്രപതിക്കു കൈമാറിയത് തങ്ങളുടെ ഇടപെടലിനു ശേഷം മാത്രമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് ഗവർണർക്കെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയത്. 

English Summary:

Governor violating court orders: MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com