പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് മൊഴി; വെള്ളക്കാർ വീട്ടിൽനിന്നു പിടിച്ചെടുത്തു
Mail This Article
കൊല്ലം∙ ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്താണ് ഇവർ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്.
രേഖാ ചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നൽകിയിരുന്നു. ഈ വിവരങ്ങൾ നിർണായകമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.