തല ബലത്തിൽ താഴ്ത്തുകയും വാ പൊത്തിപ്പിടിച്ചെന്നും കുട്ടി; കാറിനു ഒന്നിലേറെ നമ്പർ പ്ലേറ്റ്, ഓട്ടോയിൽ ചുവന്ന പെയിന്റിങ്
Mail This Article
കൊല്ലം∙ ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടിക്കൊണ്ടു പോയ ദിവസം രാത്രി താമസിച്ചത്. പോകുന്ന വഴിയിൽ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി. വാ പൊത്തിപ്പിടിച്ചതായും കുട്ടി പൊലീസിനു നല്‍കിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും ഓട്ടോയിലും ആയിരുന്നു. സംഘത്തിൽ ആദ്യം കണ്ടവരേക്കാൾ കൂടുതൽ പേരെ കണ്ടെന്നും കുട്ടി പൊലീസിനെ അറിയിച്ചു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിനു ഒന്നിലധികം നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നു. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചെന്നുമാണു പൊലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ കൊല്ലം റജിസ്ട്രേഷനിലുള്ളതാണ്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിങ്ങും ഗ്ലാസിൽ എഴുത്തുമുണ്ടെന്നും പൊലീസ് അറിയിച്ചു. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചതിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തിൽ ചാത്തന്നൂർ ചിറക്കര സ്വദേശിയായ ഒരാൾ കസ്റ്റഡിയിലുണ്ട്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. അദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.