ADVERTISEMENT

കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ. അഞ്ചു കോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘അഞ്ചു കോടി രൂപ കടമുള്ളയാൾ സാധാരണക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കിൽ ആ കുടുംബം ഭയന്ന് പണം നൽകിയേനെ. പക്ഷേ അപ്പോഴേക്കും പൊലീസും മാധ്യമങ്ങളും നാട്ടുകാരും രംഗത്തുവന്നതോടെ എല്ലാം കൈവിട്ടുപോയി.

‘‘കേരള പൊലീസ് ഇക്കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. കുഞ്ഞിനെ ദൂരേയ്ക്കു കൊണ്ടുപോകുന്നത് തടയുന്നതിൽ പൊലീസിനെപ്പോലെ തന്നെ മാധ്യമങ്ങളും നല്ല സഹായം ചെയ്തിട്ടുണ്ട്. ഈ വാർത്ത ആദ്യം വരുന്നത് എന്റെയടുത്താണ്. ഇത് രഹസ്യമായി വെളിയിൽ പറഞ്ഞുകൊടുക്കുന്നതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ പറ്റൂ എന്ന് എനിക്കു മനസ്സിലായി. വാർത്ത വന്നാൽ കടകളിലും മറ്റും ആളുകൾ അലർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങൾ ആണെന്നു തോന്നിയിട്ടാണ് ഞാൻ വാർത്തയാക്കണം എന്നു പറഞ്ഞത്. അപ്പോൾത്തന്നെ വാർത്തയായി. മാധ്യമങ്ങൾ രംഗത്തുവന്നതോടെ ജനങ്ങൾ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി പറയുകയുണ്ടായി.

‘‘പൊലീസ് വളരെ കാര്യമായി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി കൊല്ലം ജില്ലയിലെ ഒരുവിധം പൊലീസുകാർ ഉറങ്ങിയിട്ടില്ല. ഞാൻ അവരെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകൾ ഇത്ര ബുദ്ധിയില്ലാത്തവർ ആയിപ്പോകുന്നതെങ്ങനെയാണ്? ഏതു കുറ്റകൃത്യവും കേരളത്തിൽ പിടിക്കും. ഇത് അറിഞ്ഞിട്ട് ഇത്രയും വിദ്യാഭ്യാസമുള്ള ആളുകൾ ഇത്തരം ദ്രോഹങ്ങൾ ചെയ്യുന്നു. എന്തു മണ്ടത്തരമാണ്. കടം തീർക്കാർ ഇതാണോ മാർഗം. അതിൽ എനിക്ക് വിശ്വാസം വന്നിട്ടില്ല. ഈ രണ്ടു കോടിയുടെ കടം തീർക്കാൻ പത്തു ലക്ഷം ചോദിച്ച മണ്ടത്തരത്തോട് എനിക്ക്... അത്ര ബുദ്ധി എനിക്ക് തോന്നുന്നില്ല. എനിക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ അഞ്ചു കോടി കടമുള്ളയാൾ പത്തു ലക്ഷം കൊണ്ട് എന്തു ചെയ്യാനാണ്. പലിശ അടയ്ക്കാൻ പോലും തികയില്ലല്ലോ.

‘‘മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ക്രിമിനൽ ബുദ്ധിയുമായിട്ട് ബുദ്ധിശൂന്യമായ പ്രവൃത്തികൾ കഴിവതും ചെയ്യാതിരിക്കാൻ നോക്കണം. ഇത്രയും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇതു കണ്ടിട്ടും മനുഷ്യൻ പിന്നെയും ആറു വയസ്സുള്ള കുഞ്ഞിനെ വച്ചിട്ട് ഇത്രയും മണ്ടത്തരങ്ങൾ.. ആരുടെ ബുദ്ധിയായാലും ഒരു വർഷമൊക്കെ ഈ മണ്ടത്തരത്തിന് പ്ലാൻ ചെയ്തെന്ന്.. അയാൾ എൻജിനീയറിങ്ങിന് റാങ്ക് കിട്ടിയ ആളാണെന്നെന്തോ ആണ് പറഞ്ഞത്.

‘‘കടബാധ്യത തീർക്കാൻ പ്രതിക്ക് വീടുവിറ്റാല്‍ മതി. വേറെയും ആസ്തികളുണ്ടെന്നു കേള്‍ക്കുന്നു അതെല്ലാം വിറ്റ് കടം വീട്ടിയാല്‍പ്പോരേ? എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്? ഇനി എങ്ങനെ അവര്‍ക്ക് ജീവിക്കാനാകും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിക്ക്. മകള്‍ക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോ? ആ കുട്ടിയുടെ ഭാവി അവര്‍ നശിപ്പിച്ചു. 20 വര്‍ഷം വരെ പഴക്കമുള്ള കേസ് കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. പണം സമ്പാദിക്കാനോ കടം തീര്‍ക്കാനോ എളുപ്പവഴികളില്ല. പണം ഇരട്ടിപ്പിക്കുന്നതിനായി ഓടുന്ന നിരവധി മണ്ടന്മാരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അധ്വാനിക്കാതെ പണം നേടാനാവില്ല.’’ – ഗണേഷ് കുമാർ പറഞ്ഞു.

English Summary:

KB Ganesh Kumar MLA about the statements of accused in child missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com