ADVERTISEMENT

ചെന്നൈ∙ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന പെരുംമഴയെയും മിഷോങ് ചുഴലിക്കാറ്റിനെയും നേരിടാനൊരുങ്ങി തമിഴകം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ എല്ലാ തയാറെടുപ്പുകളും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 

ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തന്നെയാണു പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ 5ന് ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണു കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ അടക്കമുള്ള വടക്കൻ തമിഴ്നാട്ടിൽ ഇന്നു വൈകിട്ടോടെ കനത്ത മഴ ആരംഭിച്ചേക്കും.

പാർക്കിങ്ങും വെള്ളത്തിൽ ബുധനാഴ്ച രാത്രി ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ, പാർപ്പിട സമുച്ചയത്തിനു മുന്നിൽ പാർക്ക് ചെയ്ത കാർ വെള്ളത്തിൽ മുങ്ങിയ നിലയിൽ. കൊരട്ടൂരിൽ നിന്നുള്ള കാഴ്ച.
പാർക്കിങ്ങും വെള്ളത്തിൽ ബുധനാഴ്ച രാത്രി ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ, പാർപ്പിട സമുച്ചയത്തിനു മുന്നിൽ പാർക്ക് ചെയ്ത കാർ വെള്ളത്തിൽ മുങ്ങിയ നിലയിൽ. കൊരട്ടൂരിൽ നിന്നുള്ള കാഴ്ച.

നഗരത്തിന് നേരിയ ആശ്വാസം

നഗരത്തിൽ ഇന്നലെ മഴയൊഴിഞ്ഞതോടെ ജനങ്ങൾക്ക് നേരിയ ആശ്വാസം. വെള്ളക്കെട്ട് അൽപം കുറഞ്ഞിട്ടുണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും പോകുന്നതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അതേസമയം, വടക്കൻ ചെന്നൈയുടെ ചില ഭാഗങ്ങളിലും കോടമ്പാക്കത്തും കൊരട്ടൂർ, മാങ്ങാട്, അയ്യപ്പന്താങ്കൾ തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടിന് ശമനമുണ്ടായില്ല. റോഡുകളിൽ നിറഞ്ഞ വെള്ളം താഴാതിരുന്നത് യാത്ര ദുരിതത്തിലാക്കി. ചില ഇരുചക്രവാഹന യാത്രക്കാർ വീഴുകയും ചെയ്തു. 

ഇനി 2 നാൾ കനത്ത മഴ

ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും നാളെയും 4നും തീവ്രമഴ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. കടലൂർ, നാഗപട്ടണം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും 4നും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട്, വില്ലുപുരം, വെല്ലൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാഗപട്ടണം, കാരയ്ക്കൽ, കടലൂർ, ചെന്നൈ, എന്നൂർ തുടങ്ങിയ 9 തുറമുഖങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുള്ള ഒന്നാം നമ്പർ കൊടി സ്ഥാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ആഴക്കടൽ മേഖലയിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 

കടലിൽ പോയ നാഗപട്ടണം, കാരയ്ക്കൽ എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ തിരിച്ചെത്തണമെന്ന് അറിയിപ്പ് നൽകി.

പ്രതിരോധിക്കാൻ തയാറെടുത്ത് വൻ സന്നാഹമൊരുക്കി തമിഴകം

മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് ജനങ്ങൾക്കു നേരത്തേ നൽകണമെന്നും ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റാൻ വൈകരുതെന്നും കലക്ടർമാർക്കു മുഖ്യമന്ത്രി നിർദേശം നൽകി. 

 ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ക്യാംപുകളിലുണ്ടെന്ന് ഉറപ്പാക്കണം. മഴയെ തുടർന്നു വൈദ്യുതാഘാതമേൽക്കുന്നതും ഷോക്കേറ്റുള്ള മരണവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കാറ്റിൽ വീഴുന്ന മരങ്ങൾ നീക്കുന്നതിനുള്ള തൊഴിലാളികളെയും ഉപകരണങ്ങളെയും സജ്ജമാക്കണം. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ചികിത്സാ വിഭാഗങ്ങൾ ഒരുക്കണം. മഴക്കാലത്ത് ഗതാഗതക്കുരുക്ക് വർധിക്കാനുള്ള സാധ്യത ഉള്ളതിനാൽ അതൊഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ മോട്ടർ പമ്പ് ഉപയോഗിച്ച് വെള്ളം നീക്കണമെന്നും നിർദേശിച്ച മുഖ്യമന്ത്രി, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, അഗ്നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു.

ഒരുങ്ങി മെട്രോയും

കനത്ത മഴ പെയ്താലും സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് സിഎംആർഎൽ അറിയിച്ചു. വെള്ളം ഒഴിവാക്കുന്നതിനായി 350 വാട്ടർ പമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. സെന്റ് തോമസ് മൗണ്ട്, കോയമ്പേട്, ആലന്തൂർ, വിംകോ നഗർ, വാഷർമാൻപെട്ട് സ്റ്റേഷനുകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള യന്ത്രങ്ങൾ തയാറാക്കിയിട്ടുണ്ട്.

സെയ്ദാപെട്ട്, എഡിജിഎംഎസ്, ഗവ. എസ്റ്റേറ്റ്, അണ്ണാ നഗർ ഈസ്റ്റ്, അണ്ണാ നഗർ ടവർ എന്നീ സ്റ്റേഷനുകളിലെ പ്രവേശന ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുമെന്നും മെട്രോ സ്റ്റേഷനുകൾ കൺട്രോൾ സെന്ററിൽ നിന്നു നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സിഎംആർഎൽ അറിയിച്ചു. ഹെൽപ്‌ലൈൻ 1860 425 1515.

ഇന്ന്  2,000 മെഡിക്കൽ ക്യാംപുകൾ

മഴക്കാല രോഗങ്ങൾ തടയുന്നതിനായി സംസ്ഥാനത്തുടനീളം ഇന്ന് 2,000 മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. ചെന്നൈ കോർപറേഷൻ പരിധിയിൽ മാത്രം 100 ക്യാംപുകൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.

സംസ്ഥാനത്ത് ഒക്ടോബർ അവസാനം ആരംഭിച്ച പ്രതിവാര ക്യാംപിന്റെ തുടർച്ചയാണ് ഇന്നത്തെ ക്യാംപ്. പ്രതിവാരം 1,000 ക്യാംപുകളാണ് ഇതുവരെ നടത്തിയത്. കനത്ത മഴ കണക്കിലെടുത്താണ് ഇന്നത്തെ ക്യാംപുകളുടെ എണ്ണം വർധിപ്പിച്ചത്.

English Summary:

Michaung Cyclone: Preparations in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com