‘വീടിനു താഴത്തെ കടയിലെ മൊബൈൽ നമ്പർ കുറിപ്പിലെഴുതി കൊടുത്തു; പിടിവലിക്കിടെ അത് വണ്ടിയിൽത്തന്നെ വീണു’
Mail This Article
കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ വന്ന മൂന്നംഗ സംഘം ഒരു കുറിപ്പ് തയാറാക്കി നൽകാൻ ശ്രമിച്ചിരുന്നെന്ന് എഡിജിപി എം.ആർ.അജിത് കുമാർ. കുട്ടിയെ തിരികെ കിട്ടുന്നതിനായി ബന്ധപ്പെടേണ്ട നമ്പർ സഹിതം ഈ കുറിപ്പിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പിടിവലിക്കിടെ ഈ കുറിപ്പ് വാഹനത്തിൽത്തന്നെ വീണുപോയതായി അദ്ദേഹം വിശദീകരിച്ചു.
ട്യൂഷനു പോകുന്ന കുട്ടികളുടെ അടുത്തെത്തി ആദ്യം ഈ കുറിപ്പു നൽകുകയാണ് ഇവർ ചെയ്തത്. അമ്മയ്ക്കു നൽകാനെന്ന പേരിൽ ഒരു കുറിപ്പ് വാഹനത്തിലുണ്ടായിരുന്ന സ്ത്രീ നൽകിയതായി ആറു വയസ്സുകാരിയുടെ സഹോദരൻ ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ കുറിപ്പിനായി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.
‘‘പൈസ സംഘടിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അവരുടെ ചെയ്ത പരിപാടി ഇതായിരുന്നു. അവർക്കു പണം വേണം. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അവർക്ക് അറിയാം. അപ്പോൾ എങ്ങനെ കോണ്ടാക്ട് ചെയ്യും? പ്രതികളുടെ വീടിനു തൊട്ടുതാഴെ ഒരു കടയുണ്ട്. കടയിലെ മൊബൈൽ നമ്പർ അവിടെ എഴുതി വച്ചിട്ടുണ്ട്. ആ മൊബൈൽ നമ്പർ എടുത്തിട്ട് അവർ പേപ്പറിൽ എഴുതി. നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. ഇന്ന നമ്പറിൽ ഞങ്ങൾ കോണ്ടാക്ട് ചെയ്യും. ഞങ്ങൾക്ക് പണം അത്യാവശ്യമാണ്. കുട്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല എന്നെല്ലാം അതിൽ എഴുതി. അതിനുശേഷം അനിതാകുമാരി ഈ കുറിപ്പ് പയ്യനു കൊടുത്തു. പക്ഷേ അവിടെയുണ്ടായ പിടിവലിയിൽ കുറിപ്പു വണ്ടിയ്ക്കകത്തു തന്നെ വീണു.’’ – അജിത്കുമാർ പറഞ്ഞു.
പ്രതികൾ പിന്നീട് വീട്ടിലെത്തിയ ശേഷം ആ കുറിപ്പ് കത്തിച്ചു കളഞ്ഞെന്നും അജിത് കുമാർ പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത് പ്രതികൾ കണ്ടത്. അവർ അത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത് കുമാർ പറഞ്ഞു. സിനിമയും മറ്റും കണ്ടാണ് പ്രതികൾ പദ്ധതി പ്ലാൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.